ശബരിമല വിഷയം; ശ്രീധരന്‍പിള്ളക്കും തന്ത്രിയുമടക്കം നാല് പേര്‍ക്കെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി; സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു

കോടതിവിധിക്കെതിരെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കുമടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനാകുമാരി, വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ശ്രീധരന്‍ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍, നടന്‍ കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബിെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.

കോടതിവിധിക്കെതിരെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കോടതി അലക്ഷ്യ ഹര്‍ജികള്‍ നല്‍കുന്നതിന് നേരത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സോളിസിറ്റര്‍ ജനറലിന്റെ മറുപടിയും ഹര്‍ജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ രജിസ്ട്രിയുടെ അനുമതിയോടെ നേരിട്ട് ഫയല്‍ ചെയ്തത്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു.

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞു. വിശ്വാസികളായ സ്ത്രീകളെ മര്‍ദ്ദിച്ചു. സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന, സുപ്രീംകോടതി വിധിക്കെതിരെ റാലി നടത്തി. കൊല്ലം തുളസിയുടെ പ്രസംഗം, സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറയുന്നതിന് മുമ്പേ തന്നെ തന്ത്രി വിളിച്ചിരുന്നു. താന്‍ അടക്കാന്‍ പറഞ്ഞു എന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ഇതൊക്കെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ട കുറ്റമാണെന്ന് ഹര്‍ജികളില്‍ പറയുന്നു.

Exit mobile version