‘കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇത്’ ; യുഡിഎഫും, എല്‍ഡിഎഫും മാറിമാറി ഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചെന്ന് എപി അബ്ദുള്ളക്കുട്ടി

പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരിഹാസം.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരിഹാസം.

ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത്. അത് നടപ്പാക്കാന്‍ സാധിക്കില്ലെങ്കില്‍ പഴയ പാര്‍ട്ടിസെക്രട്ടറി പണിക്കുപോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തില്‍ യുഡിഎഫും, എല്‍ഡിഎഫും മാറിമാറി ഭരിച്ച് വികസനം മുരടിപ്പിച്ചു. ഇതുമാറണമെങ്കില്‍ കേരളത്തില്‍ പുതിയ ഒരു ഭരണം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുക്കത്തു സംഘടിപ്പിച്ച ദേശഭക്തിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നു എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പീഡനങ്ങളേറ്റ് ഇന്ത്യയിലെത്തി പുഴുക്കളെപ്പോലെ ജീവിക്കുന്നവരോടുള്ള കാരുണ്യമാണ് പൗരത്വനിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ മതസ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version