ശബരിമല വിഷയത്തില്‍ പണ്ഡിതന്മാരായ ജഡ്ജിമാര്‍ക്കും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെറ്റുപറ്റി; വി മുരളീധരന്‍

സുപ്രീം കോടതി വിധിക്കെതിരേ വിശ്വാസികളായ സ്ത്രീകള്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റ് ബോധ്യം വന്നതെന്നും ഓച്ചിറയില്‍ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു

ഓച്ചിറ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ശബരിമല വിഷയത്തില്‍ പണ്ഡിതന്മാരായ ജഡ്ജിമാര്‍ക്കും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെറ്റുപറ്റിയതായി മുരളീധരന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരേ വിശ്വാസികളായ സ്ത്രീകള്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റ് ബോധ്യം വന്നതെന്നും ഓച്ചിറയില്‍ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു.

കോടതിക്ക് പ്രതിഷ്ഠയുടെ താന്ത്രികമായ വിധിമാറ്റാന്‍ അധികാരമില്ലെന്നും, ആചാരങ്ങളെ നിയമപരമായി സമീപിക്കുന്നത് ഉചിതമല്ലെന്നും പറഞ്ഞ മുരളീധരന്‍ വിധിയില്‍ അപാകതയുണ്ടെന്ന് തോന്നിയതുകൊണ്ടാകണം പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായതെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇപ്പോള്‍ പലവിധ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ മോശമായ സാഹചര്യം ശബരിമലയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version