ഇവര്‍ക്കിനി പഞ്ചായത്തിന്റെ സ്‌നേഹവീട്ടില്‍ കഴിയാം; മക്കള്‍ ഉപേക്ഷിച്ച വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്ത്

ആലപ്പുഴ: മാവേലിക്കര ചുനക്കരയില്‍ വൃദ്ധദമ്പതികളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. മകന്റെ ക്രൂരമര്‍ദ്ദനത്തിന് പിന്നാലെയാണ് നടപടി. അതേസമയം അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകന്‍ ബാലകൃഷ്ണന്‍ നായരെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു.

വൃദ്ധദമ്പതികളുടെ ചെലവ് പൂര്‍ണ്ണമായും പഞ്ചായത്ത് വഹിക്കുമെന്ന് അറിയിച്ചു. ചുനക്കര പഞ്ചായത്തും നൂറനാട് പോലീസും ചേര്‍ന്നാണ് ഭവാനിയമ്മയെയും ഭര്‍ത്താവ് രാഘവന്‍ നായരെയും ചുനക്കര പഞ്ചായത്തിന്റെ സ്‌നേഹവീട്ടിലേക്ക് എത്തിച്ചത്.

വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മറ്റ് രണ്ട് മക്കളും പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഏറെ നാളായി ബാലകൃഷണന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. എന്നാല്‍ ഇടയ്ക്ക് നോക്കാനെത്തുന്ന മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കും. സ്വത്തിനെച്ചൊല്ലിയായിരുന്നു മര്‍ദ്ദനം. ദേഹമാസകലം പരിക്കേറ്റ ഭവാനിയമ്മയെയും അവശനിലയിലായിരുന്ന രാഘവന്‍ നായരെയും പോലീസാണ് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്.

അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനും വൃദ്ധജന പരിപാലനനിയമപ്രകാരവുമാണ് നൂറനാട് പോലീസ് ബാലകൃഷ്ണന്‍ നായര്‍ക്കെതിരെ കേസെടുത്തത്.

Exit mobile version