8 മിനിറ്റ്, 164 കാറുകളുടെ പേര് ബ്രാന്‍ഡ് സഹിതം പറഞ്ഞ് നാല് വയസുകാരന്‍; വേള്‍ഡ് റെക്കോഡ്‌സ് ഇന്ത്യാ ബഹുമതി നേടി മലപ്പുറത്തെ ഈ കൊച്ചുവാഹനപ്രേമി

ഈ കഴിവിന് ഈ കൊച്ചുമിടുക്കനെ തേടിയെത്തിയത് വേള്‍ഡ് റെക്കോഡ്‌സ് ഇന്ത്യാ ബഹുമതിയാണ്.

തേഞ്ഞിപ്പലം: വാഹനങ്ങളോട് പ്രിയം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആ പ്രിയം നെഞ്ചിലേറ്റുന്നവര്‍ ചുരുക്കമായിരിക്കും. ഒരു വാഹനം നിരത്തിലിറങ്ങിയാല്‍ അത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന വാഹന പ്രേമികളും ഉണ്ട്. ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് നാല് വയസുകാരനായ ദീക്ഷിത്. എട്ട് മിനിറ്റും 20 സെക്കന്റും കൊണ്ടാണ് 164 കാറുകളുടെ പേര് പറയുക.

അതും ബ്രാന്‍ഡ് സഹിതമാണ് പറയുന്നത്. ഈ കഴിവിന് ഈ കൊച്ചുമിടുക്കനെ തേടിയെത്തിയത് വേള്‍ഡ് റെക്കോഡ്‌സ് ഇന്ത്യാ ബഹുമതിയാണ്. ഊണിലും ഉറക്കത്തിലും വരെ കാറുകളുടെ പേര് കാണാ പാഠമാണ്. കമ്പനി നിര്‍ത്തിപ്പോയ അംബാസിഡര്‍ മുതല്‍ അടുത്തിടെ ഇന്ത്യന്‍ നിരത്തിലിറങ്ങിയ എംജി വരെയുള്ള കാറുകളുടെ ചിത്രം തിരിച്ചറിഞ്ഞ് പേരുപറയാന്‍ ദീക്ഷിതിന് കഴിയും. ഒലിപ്രംകടവ് സ്വദേശിയും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരനുമായ ചെമ്പ്രത്തില്‍ ശ്രീജിത്തിന്റെയും കൊണ്ടോട്ടി താലൂക്കോഫീസ് ജീവനക്കാരി അശ്വതി ശ്രീജിത്തിന്റെയും മകനാണ് ദീക്ഷിത്.

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ റോഡിലെ വാഹനങ്ങള്‍ പേരുപറഞ്ഞ് പഠിച്ചിരുന്നു. ഇതാണ് ഇന്ന് ഈ നേട്ടം ഈ കൊച്ചുമിടുക്കന്‍ കരസ്ഥമാക്കിയത്. ഇന്ത്യന്‍ നിരത്തുകളില്‍ കാണുന്ന ഒട്ടുമിക്ക കാറുകളും ഉടനടി തിരിച്ചറിയാന്‍ ദീക്ഷിതിന് കഴിയും. കാമ്പസിലെ ആര്‍ട്ടേഷ്യാ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ദീക്ഷിത്. ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കുകയാണ് അടുത്ത ലക്ഷ്യം.

Exit mobile version