500 കോടിയുടെ വസ്തു വില്‍പ്പനയ്ക്കെതിരെയുള്ള കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം; അടിമുടി ദുരൂഹത, വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് സംശയനിഴലില്‍

ചട്ടം ലംഘിച്ച് വിദേശപണം, സര്‍ക്കാര്‍ ഗ്രാന്റ് മുതലായവ തട്ടിയെടുക്കുകയാണെന്നും റഷീദ് അറക്കല്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.

കൊച്ചി: വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം വഴിത്തിരുവില്‍. കൊച്ചി പുല്ലേപ്പടിയിലുള്ള ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പെട്ട ഖദീജാ ബായ് ട്രസ്റ്റിന്റെ 500 കോടി വില വരുന്ന വഖഫ് വസ്തുക്കള്‍ കൈമാറ്റം ചെയ്‌തെന്ന് ആരോപിച്ച് ഫയല്‍ ചെയ്തിരുന്ന കേസ് ഒത്തു തീര്‍പ്പാക്കി പിന്‍വലിക്കാനുള്ള ശ്രമം നടത്തുവെന്നാണ് ഉയരുന്ന ആരോപണം.

അനധികൃതമായി വിദേശ പണം ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി യത്തീംഖാനയുടെ പേരില്‍ സ്വരൂപിച്ചിട്ടുണ്ടെന്നും വിലമതിക്കാനാവാത്ത വഖഫ് വസ്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തിയിട്ടുണ്ടെന്നും അത്തരം സ്വത്തുക്കള്‍ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ ട്രഷററായ റഷീദ് അറക്കല്‍ കേസ് ഫയല്‍ ചെയ്തത്. 2013ലാണ് കേസ് ഫയല്‍ ചെയ്തത്. ഇതേ കാര്യങ്ങള്‍ ആരോപിച്ച് വിജിലന്‍സ് കോടതിയിലും റഷീദ് അറക്കല്‍ ഹര്‍ജി നല്‍കിയിരുന്നു.

ചട്ടം ലംഘിച്ച് വിദേശപണം, സര്‍ക്കാര്‍ ഗ്രാന്റ് മുതലായവ തട്ടിയെടുക്കുകയാണെന്നും റഷീദ് അറക്കല്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. വ്യാപകമായി പ്രചരണമാണ് നടത്തി വന്നത്. കേസ് ആരംഭിച്ചതു മുതല്‍ റഷീദ് അറക്കല്‍ മാത്രമായിരുന്നു ഹര്‍ജിക്കാരനായി ഉണ്ടായിരുന്നത്. എന്നാല്‍ വഖഫ് സംരക്ഷണ വേദി പ്രസിഡന്റും മറ്റും കേസില്‍ 2018ല്‍ കക്ഷി ചേരുകയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം തര്‍ക്കങ്ങളെല്ലാം ഒത്തുതീര്‍ന്നെന്നു പറഞ്ഞ് സംരക്ഷണ വേദി പ്രസിഡന്റ് ടിഎം അബ്ദുല്‍ സലാമും മറ്റ് ചിലരും ചേര്‍ന്ന് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി 2018ല്‍ കോടതിയില്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ 2018 ജൂണ്‍ 19ന് തയ്യാറാക്കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ ഒപ്പിടാന്‍ ട്രഷറര്‍ റഷീദ് അറക്കല്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ സിഎംപി406/12-ാം നമ്പറായി ഇതേ വിഷയത്തില്‍ ഫയല്‍ ചെയ്ത കേസിലെ ഹര്‍ജിക്കാരനായ റഷീദ് അറക്കല്‍ പ്രസ്തുത കേസ് പിന്‍വലിക്കാനും തയ്യാറായിരുന്നില്ല. വിജിലന്‍സ് കേസ് പിന്നീട് മൂവ്വാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. സിഎംപി536/16-ാം നമ്പറായി ഇപ്പോള്‍ പരിഗണയിലിരിക്കുകയാണ്. ലക്ഷങ്ങള്‍ കൈമാറിയുള്ള ഒത്തു തീര്‍പ്പിന്റെ പേരില്‍ റഷീദ് അറക്കലും വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടിഎം അബ്ദുല്‍ സലാമും മറ്റുള്ളവരും തമ്മില്‍ അഭിപ്രായ വ്യത്യാസവുമുണ്ടായി.

ഒത്തുതീര്‍പ്പിനു ശേഷം ലക്ഷങ്ങള്‍ ചെലവഴിച്ച് മോടിപിടിപ്പിച്ച പ്രസിഡന്റിന്റെ വീട്

തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ജൂണ്‍ 26ന് റഷീദ് അറക്കല്‍ എന്ന 42 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. വഖഫ് സംരക്ഷണ വേദിയുടെ ട്രഷറര്‍ മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായ ജൂണ്‍ 27ന് തന്നെ റഷീദ് അറക്കല്‍ മരണപ്പെട്ടതായി കാണിച്ച് ടിഎം അബ്ദുല്‍ സലാമും മറ്റും ഒപ്പിട്ട് ജൂലായ് 5-ാം തീയതിയിലേക്ക് വെച്ചിരുന്ന കേസ് അഡ്വാന്‍സ് ചെയ്ത് ഒത്തുതീര്‍പ്പ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുകയാണുണ്ടായത്. വഖഫ് സംരക്ഷണ വേദിയുടെ ട്രഷറര്‍ മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസ് അഡ്വാന്‍സ് ചെയ്തു കൊണ്ട് ഒത്തു തീര്‍പ്പ് ഹര്‍ജി സമര്‍പ്പിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.

എറണാകുളം മാര്‍ക്കറ്റില്‍ നടത്തിയിരുന്ന പഴക്കച്ചവടം

2018ലെ ഒത്തുതീര്‍പ്പിനു ശേഷം സംരക്ഷണ വേദി പ്രസിഡന്റിന്റെ വീട് ലക്ഷങ്ങള്‍ ചെലവഴിച്ച് മോടിപിടിപ്പിച്ചു. ഇതും ആരോപണത്തിന്റെ ശക്തി കൂട്ടുന്ന ഒന്നായിരുന്നു. എറണാകുളം മാര്‍ക്കറ്റിലെ വെറും ഒരു പഴക്കച്ചവടക്കാരനാണ് സംരക്ഷണ വേദിയുടെ പ്രസിഡന്റ്. നിഗൂഢ ഉദ്ദേശത്തോടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ഹര്‍ജിയെ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ റഫീക് ചേന്നറ ശക്തമായി എതിര്‍ത്തതിനാലാണ് ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് ഒത്തു തീര്‍പ്പാക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് ഡിസംബര്‍ 2018ന് ഒത്തുതീര്‍പ്പ് ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ തള്ളിയത്. അതേ സമയം ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ സിആര്‍പി 53/2019-ാം നമ്പറായി കേസ് ഫയല്‍ ചെയ്തത് വഖഫിന്റെ മാനേജിംഗ് ട്രസ്റ്റിയാണെന്നതും വിചിത്രം തന്നെയാണ്.

Exit mobile version