‘റോഡില്‍ നിറച്ചും കുഴി, ഓട്ടോയില്‍ കയറാന്‍ പേടിയാ ജഡ്ജി അങ്കിളേ’ നോട്ടുബുക്കിന്റെ പേജില്‍ കത്തെഴുതി ആരവ്; ഉടനടി നടപടിയും

പള്ളുരുത്തി കുമ്പളങ്ങി വഴിയില്‍ റോഡരികിലാണ് ആരവിന്റെ വീട്

പള്ളുരുത്തി: യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധം റോഡില്‍ നിറച്ചും കുഴികള്‍. നിമിഷ നേരം കൊണ്ട് അധികൃതര്‍ കുഴികള്‍ അടച്ചു. അത് മൂന്നാംക്ലാസുകാരനായ ആരവിന്റെ ഒരു പരാതി കത്തില്‍ ആണ് ഉടനടി നടപടിയുണ്ടായത്. ‘റോഡില്‍ കുഴിയുള്ളതിനാല്‍ ഓട്ടോയില്‍ കയറാന്‍ പേടിയാ, അതാ ജഡ്ജി അങ്കിളിന് കത്തെഴുതിയത്’ – കത്തില്‍ ആരവ് പറഞ്ഞത് ഇപ്രകാരമായിരുന്നു.

പള്ളുരുത്തി കുമ്പളങ്ങി വഴിയില്‍ റോഡരികിലാണ് ആരവിന്റെ വീട്. വീടിന്റെ മുന്നില്‍ തന്നെ റോഡില്‍ വലിയ കുഴിയാണുള്ളത്. ദിവസവും ഏതെങ്കിലും ഒരു വാഹനം കുഴിയില്‍ വീഴാതിരിക്കില്ല. ദിവസം സ്‌കൂളിലേയ്ക്ക് ആരവ് പോകുന്നത് ഓട്ടോറിക്ഷയിലാണ്. ഓട്ടോ തിരിച്ചെടുക്കുമ്പോള്‍ കുഴിയിലേക്ക് വീഴും. ചിലപ്പോള്‍ മറിഞ്ഞുവീഴുമെന്ന് തോന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് ആരവ് ജഡ്ജിക്ക് കത്തെഴുതിയത്. ആരും റോഡ് നന്നാക്കാത്തതില്‍ വിഷമവും ആരവിനുണ്ട്.

അങ്ങനെ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം റോഡ് നന്നാക്കാന്‍ കഴിയാത്തതില്‍ ജഡ്ജി മാപ്പു പറഞ്ഞ വാര്‍ത്ത ആരവ് പത്രത്തില്‍ വായിച്ചത്. ഉടനെ ആരവ് അച്ഛനോട് ജഡ്ജിയെക്കുറിച്ച് അന്വേഷിച്ചു. ഉടനെ നോട്ട് ബുക്കില്‍നിന്ന് പേജ് കീറിയെടുത്ത് ജഡ്ജി അങ്കിളിന് കത്തെഴുതുകയായിരുന്നു. അത് പോസ്റ്റ് ചെയ്യാന്‍ അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. അമ്മ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

കത്ത് കിട്ടയപ്പാടെ ഉടനടി നടപടിയും കണ്ടു. ജഡ്ജിക്ക് കത്തയച്ച കാര്യമറിഞ്ഞ് സ്‌കൂളിലെ അധ്യാപിക വിളിച്ചതായി ആരവ് പറഞ്ഞു. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ്, തന്റെ കത്തിനെ തുടര്‍ന്ന് നന്നാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരവ്. കുമ്പളങ്ങി വഴിക്ക് സമീപം താമസിക്കുന്ന അഡ്വ. മഹേഷ് കമ്മത്തിന്റെയും പ്രീതയുടെയും ഏക മകനാണ് ആരവ്.

Exit mobile version