നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്! സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി.

തിരുവനന്തപുരം: ഇനി നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് എത്താം. സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി.

പദ്ധതിക്ക് വേണ്ടി നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാന്‍ മന്ത്രാലയം കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍)അനുമതി നല്‍കി. ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.

പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ലഭിക്കും. അതോസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നതെന്ന് കെആര്‍ഡിസിഎല്‍ മാനേജിങ് ഡയറക്ടര്‍ വിഅജിത് കുമാര്‍ അറിയിച്ചു.

കെആര്‍ഡിസിഎല്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തില്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍വേകളും പഠനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. പിന്നീടിത് 12 വരെയാക്കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ പാതയുടെ പരിധിയില്‍ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് കേരള റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം- എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്.

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും.

Exit mobile version