പാലക്കാട് 70ഓളം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തി അജ്ഞാത ജീവി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

പാലക്കാട്: മലമ്പുഴ കൊട്ടേക്കാട്ടില്‍ 70ഓളം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തി അജ്ഞാത ജീവി. പ്രദേശത്തെ ഏഴോളം വീടുകളില്‍ വളര്‍ത്തിയ കോഴികളാണ് ചത്തത്. കോഴിക്കൂട് തകര്‍ത്തായിരുന്നു ആക്രമണം. എന്നാല്‍ കോഴിയുടെ ഇറച്ചി ജീവി കഴിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഏത് ജീവിയാണെന്നത് വ്യക്തമല്ല.

ഇന്നലെ രാത്രിയായിരുന്നു അജ്ഞാത ജീവിയുടെ ആക്രമണം. പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും 25 കോഴികളെ വരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമിച്ച ജീവി ഏതെന്ന് വ്യക്തമല്ല. ഇവിടെ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാവാര്‍ ഉണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ആക്രമണം ഇത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

വീട്ടിലെ കോഴിക്കൂടുകള്‍ പൂര്‍ണ്ണമായും തകര്‍ത്താണ് അജ്ഞാത ജീവിയുടെ ആക്രമണം. കോഴിയുടെ ഇറച്ചി കഴിച്ചതായി സൂചനയൊന്നും ലഭിച്ചിട്ടില്ല. അതേസമയം കോഴികളെ കൊന്നൊടുക്കിയത് ചെന്നായ ആയിരിക്കാം എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. വനം ഉദ്യോഗസ്ഥരും, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ചെന്നായ ആയിരിക്കാം ആക്രമണത്തിന് പിന്നില്‍ എന്നാണ് വനം വകുപ്പ് അധികൃതരും സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ വിശദമായ പരിശോധനയിലൂടെ മാത്രമെ മൃഗത്തെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Exit mobile version