‘പാരസൈറ്റ്’ കാണാന്‍ തള്ളിക്കയറി ഡെലിഗേറ്റ്‌സ്; അധിക ഷോ നടത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍, ഇരുന്നും നിന്നുമായി ഷോ കണ്ടത് ആയിരത്തിലധികം ആളുകള്‍

ടാഗോറില്‍ പ്രദര്‍ശിപ്പിക്കാനായി കഴിഞ്ഞ ദിവസം റിസര്‍വേഷന്‍ ഓപ്പണ്‍ ആയി മിനിറ്റുകള്‍ക്കകം ചിത്രം ഹാസ് ഫുള്‍ ആയിരുന്നു.

തിരുവനന്തപുരം: കാനില്‍ പാം ഡി ഓര്‍ നേടിയ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’ കാണാന്‍ തള്ളിക്കയറി ഡെലിഗേറ്റ്‌സ്. ശേഷം സംഘര്‍ഷത്തിലേയ്ക്കും വഴിവെച്ചു. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവര്‍ ബഹളമുണ്ടാക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒടുവില്‍ ക്യൂ നിന്നവപെ സ്‌കാനിങ് ഇല്ലാതെ കടത്തിവിട്ടതോടെയാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചത്. ആയിരത്തിലേറെ പേരാണ് നിന്നും ഇരുന്നും ചിത്രം കണ്ടത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ടാഗോറില്‍ എത്തി. ഡെലിഗേറ്റുകളെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തി. ചിത്രത്തിന്റെ അധിക ഷോ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് 2.15നായിരുന്നു പാരസൈറ്റിന്റെ, മേളയിലെ അവസാന പ്രദര്‍ശനം. ടാഗോറില്‍ പ്രദര്‍ശിപ്പിക്കാനായി കഴിഞ്ഞ ദിവസം റിസര്‍വേഷന്‍ ഓപ്പണ്‍ ആയി മിനിറ്റുകള്‍ക്കകം ചിത്രം ഹൗസ് ഫുള്‍ ആയിരുന്നു.

60 ശതമാനം സീറ്റുകള്‍ക്കാണ് റിസര്‍വേഷനുള്ളത്. ബാക്കി 40% സീറ്റുകളില്‍ ക്യൂ നിന്ന് കയറാം. എന്നാല്‍ ടാഗോറിലെ 872 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളും നിറഞ്ഞിട്ടും അണ്‍റിസര്‍വ്ഡ് ക്യൂവില്‍ നിന്നും വളരെ കുറച്ച് പേര്‍ക്കേ പ്രവേശനം ലഭിച്ചുള്ളൂവെന്നാണ് ഡെലിഗേറ്റുകളുടെ ആരോപണം. ഏറെ ശ്രദ്ധ നേടിയ ചിത്രമായതിനാല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുമ്പേ തന്നെ ടാഗോറിനു മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു.

64 സീറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ഡെലിഗേറ്റുകളും വളണ്ടിയര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. പോലീസെത്തിയിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് രണ്ടരയോടെ ബാരിക്കേഡുകള്‍ നീക്കി ബാക്കിയുള്ളവരെ കയറാന്‍ അനുവദിച്ചത്. ഡെലിഗേറ്റുകളുടെ പരാതി മാനിച്ച് ചിത്രം ഒരിക്കല്‍ക്കൂടി പ്രദര്‍ശിപ്പിക്കാനായി ഡിസ്ട്രിബ്യൂട്ടര്‍മാരുമായി സംസാരിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ വ്യക്തമാക്കി. മൂന്നു തവണ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയാണ് നമുക്കുള്ളത്. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ഒരു പ്രദര്‍ശനം കൂടി നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച് വിതരണക്കാരുമായി ചര്‍ച്ച നടത്തും.

Exit mobile version