ഭക്ത തളര്‍ന്നു വീണു; വഴിപാട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ച ഭക്തയ്ക്ക് വേണ്ടി പൊങ്കാല സമര്‍പ്പിച്ച് കാക്കിയിട്ട ജമീല

വെള്ളം നല്‍കി പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു.

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ പതിനായിരങ്ങളാണ് പൊങ്കാല സമര്‍പ്പിച്ചത്. ഇത്തവണ മതമൈത്രിയുടെ മധുരം കൂടി ഉണ്ടെന്നതാണ് മറ്റൊരു സത്യം. തളര്‍ന്നു വീണ ഭക്തയ്ക്ക് വേണ്ടി പോലീസ് ഉദ്യോഗസ്ഥയായ എസ് ജമീലയാണ് പൊങ്കാല സമര്‍പ്പിച്ചത്. ചടങ്ങുകള്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഡല്‍ഹിയില്‍ നിന്നെത്തിയ പുഷ്പ തളര്‍ന്ന് വീണത്. ഉടനെ ജമീല പുഷ്പയ്ക്ക് അരികില്‍ ഓടിയെത്തി.

വെള്ളം നല്‍കി പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ശേഷം ഉണര്‍വ് വന്ന പുഷ്പയ്ക്ക് സങ്കടം ചടങ്ങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നതാണ്. വിഷമിച്ച് നിന്ന പുഷ്പയോട് താന്‍ സഹായിക്കട്ടെ എന്ന് ജമീല ചോദിച്ചു. നിറഞ്ഞ മനസ്സോടെ പുഷ്പ സമ്മതം മൂളി. ശേഷം മറ്റൊന്നും ജമീലയും ചിന്തിച്ചില്ല. ഷൂസ് ഊരിമാറ്റി പൊങ്കാല സമര്‍പ്പിക്കാന്‍ എത്തി. ജമീല യൂണിഫോമിലാണ് പൊങ്കാലയിട്ടത്. നേദ്യത്തില്‍ ചക്കുളത്തമ്മയുടെ തീര്‍ത്ഥവും തളിച്ച് ചടങ്ങുകള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

ജമീലയ്‌ക്കൊപ്പം മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ രാജ്കുമാറും പുഷ്പയെ സഹായിക്കാനുണ്ടായരുന്നു. നര്‍ക്കോട്ടിക് വിഭാഗം സിവില്‍ പോലീസ് ഓഫീസറാണ് രാജ്കുമാര്‍. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന് ജമീല പൊങ്കാല സമര്‍പ്പിച്ചതിന് ശേഷം പറഞ്ഞു. പത്തനംതിട്ട കോന്നി സ്വദേശിനിയായ പുഷ്പ ഭര്‍ത്താവ് അനിലിനും മകന്‍ ഷാനുവിനുമൊപ്പം ഡല്‍ഹിയിലാണ് താമസം. ആലപ്പുഴ വനിതാ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ജമീല.

Exit mobile version