സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ; ഉറങ്ങി പോയത് അറിയാതെ യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസിലിട്ട് പൂട്ടി! സംഭവം ഒറ്റപ്പാലത്ത്

ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ അധികൃതര്‍ ക്ലാസ് റൂം പൂട്ടുകയായിരുന്നു. കുട്ടിയെ തേടി രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ വിദ്യാര്‍ത്ഥനിയെ കണ്ടത്.

പാലക്കാട്: അനങ്ങനാടി പത്താംകുളം എല്‍പി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പൂട്ടിയിട്ടതായി പരാതി. ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ അധികൃതര്‍ ക്ലാസ് റൂം പൂട്ടുകയായിരുന്നു. കുട്ടിയെ തേടി രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ വിദ്യാര്‍ത്ഥനിയെ കണ്ടത്.

ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളില്‍ കണ്ടെത്തിയത്.

കുട്ടി ഉറങ്ങിപോകുകയായിരുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ക്ലാസില്‍ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്‌കൂളും അടച്ച് ബന്ധപ്പെട്ടവര്‍ പോകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുകാര്‍ എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്.

അബദ്ധംപറ്റിയതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, വീട്ടുകാരോട് മാപ്പ് പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നാട്ടുകാരിലൊരാള്‍ സ്‌കൂളില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ ലൈവ് വന്നതോടെയാണ് സംഭവം വിവാദമാകുന്നത്.

ഗുരുതരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞ സ്ഥിതിക്ക് പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട്.

Exit mobile version