രേഖയില്ലാത്ത പണം കടത്തുന്നുവെന്ന് പറഞ്ഞ് കുറ്റവാളിയായി മുദ്രകുത്തി; ശേഷം തെറ്റുകാരനല്ലെന്ന് വിധിയെഴുത്ത്, മാനക്കേട് വിട്ടൊഴിയാതെ അബിന്‍

മതിയായ രേഖകള്‍ ഹാജരാക്കിയതോടെ യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കി പണം കൈമാറാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞെന്ന് കസ്റ്റംസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു

കൊച്ചി: രേഖയില്ലാത്ത പണം കടത്തുന്നുവെന്ന് ആരോപിച്ച് ആര്‍പിഎഫ് പിടികൂടിയ ധനകാര്യ സ്ഥാപന ജീവനക്കാരന്‍ എംഎം അബിന്‍ കുറ്റക്കാരനല്ലെന്ന് അധികൃതര്‍. പണം രേഖകളുള്ളതാണെന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടു. എന്നാല്‍ സല്‍പ്പേര് നഷ്ടപ്പെട്ടതിന്റെയും മാനക്കേടിലും ആണ് അബിനും കുടുംബവും.

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 34.7 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കോഴിക്കോട് കരിയാത്തന്‍കാവ് മാടയില്‍ വീട്ടില്‍ എംഎ അബിനെ (24) ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ യുവാവിനെ കസ്റ്റംസിന് കൈമാറുകയും ചെയ്തു.

മതിയായ രേഖകള്‍ ഹാജരാക്കിയതോടെ യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കി പണം കൈമാറാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞെന്ന് കസ്റ്റംസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മരണവീടു പോലെയാണ് തന്റെ വീടെന്ന് അബിന്‍ ഇപ്പോള്‍ പറയുന്നു. ജീവന്‍ ഒടുക്കുന്നതിനെക്കുറിച്ചു പോലും ചിന്തിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്ന് അബിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് അബിന്‍ ജോലി ചെയ്യുന്നത്. മുമ്പും ഇത്തരം പണം കൈവശം വെച്ചിട്ടുണ്ടെന്നും അബിന്‍ പറയുന്നു.

വിദേശ കറന്‍സി കൈയില്‍ വെക്കാനുള്ള രേഖകള്‍ എല്ലാം കൈയിലുണ്ടായിരുന്നു. എന്നാല്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇത് മനസ്സിലാക്കാതെ തന്നെ കസ്റ്റഡിയില്‍ വെക്കുകയും കസ്റ്റംസിന് കൈമാറുകയും ചെയ്തുവെന്ന് അബിന്‍ പറയുന്നു. കള്ളക്കടത്തുകാരനെ പോലെയാണ് ഇപ്പോള്‍ സമൂഹം തന്നെ കാണുന്നതെന്നും നാട്ടിലേക്ക് എങ്ങനെ പോകുമെന്ന് ചിന്തിക്കാനാവുന്നില്ലെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version