ശിശുക്ഷേമ സമിതിക്ക് കുട്ടികളെ കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍

ആറ് കുഞ്ഞുങ്ങളുള്ള ഈ അമ്മ തിരുവനന്തപുരം നഗരത്തിലെ കൈതമുക്കിലെ പുറമ്പോക്കിലായിരുന്നു താമസം.

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് പിതാവ് കുഞ്ഞിമോനെ അറസ്റ്റ് ചെയ്തത്. പട്ടിണി മാറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാലു പിഞ്ചുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് അമ്മ വിട്ടുകൊടുത്തത് കഴിഞ്ഞ ദിവസമാണ്.

ആറ് കുഞ്ഞുങ്ങളുള്ള ഈ അമ്മ തിരുവനന്തപുരം നഗരത്തിലെ കൈതമുക്കിലെ പുറമ്പോക്കിലായിരുന്നു താമസം. ഫ്‌ളക്‌സും തുണിയും വച്ച് മറച്ച കൂരയിലായിരുന്നു ഇവരുടെ താമസം. മദ്യപാനിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ ഭക്ഷണത്തിനുള്ള വകപോലും നല്‍കാറുണ്ടായിരുന്നില്ല. കൂടാതെ മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ നിരന്തരം ഉപദ്രവിക്കാറുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പിതാവിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളനാട്ടെ ഡെയില്‍വ്യ കെയര്‍ഹോമില്‍ കഴിയുന്ന അമ്മയേും ആറ് മക്കളേയും കണ്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അമ്മയും ആറ് മക്കളും ഒരുമിച്ച് കഴിയാന്‍ വേണ്ടിയാണ് ശിശുക്ഷേമസമിതിയില്‍ നിന്ന് കുട്ടികളെ അമ്മയുടെ അടുത്തേക്ക് എത്തിച്ചത്. കുട്ടികളെ സ്‌കൂളില്‍ അയക്കുന്ന കാര്യത്തിലും, സ്ഥിരം താമസസൗകര്യം ഒരുക്കുന്ന കാര്യത്തിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Exit mobile version