അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണന; നിലപാട് പുനഃപരിശോധിക്കണം; മുഖ്യമന്ത്രി

തൃശ്ശൂര്‍: കണ്ണൂര്‍ അഴീക്കലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയും അനീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയം അനുമതി നല്‍കാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. ഈ പ്രശ്‌നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍ താന്‍ നേരിട്ട് പെടുത്തിയിരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് 2018 ജൂലൈ 2-ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അതു സംബന്ധിച്ച വിജ്ഞാപനവും വന്നു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അതനുസരിച്ച് പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണ്. എന്നാല്‍ ഈ നിലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്;

സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തിട്ടും കണ്ണൂര്‍ അഴീക്കലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയും അനീതിയുമാണ്.

വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയം അനുമതി നല്‍കാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. ഈ പ്രശ്‌നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍ താന്‍ നേരിട്ട് പെടുത്തിയിരുന്നതാണ്. 2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് 2018 ജൂലൈ 2-ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അതു സംബന്ധിച്ച വിജ്ഞാപനവും വന്നു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അതനുസരിച്ച് പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണ്. എന്നാല്‍ ഈ നിലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്.

2009-ലാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ എടുത്തത്. അതനുസരിച്ച് 2011 ആദ്യം തന്നെ വളപട്ടണത്ത് അറബിക്കടല്‍ തീരത്ത് 164 ഏക്ര സ്ഥലം സര്‍ക്കാര്‍ കൈമാറി. 2011 മേയില്‍ അന്നത്തെ പ്രതിരോധ മന്ത്രി അക്കാദമിക്ക് തറക്കല്ലിട്ടു. അക്കാദമി സ്ഥാപിക്കുന്നതിന് ഇതിനകം 65.56 കോടി രൂപ കോസ്റ്റ് ഗാര്‍ഡ് ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി 2015ല്‍ തന്നെ ശുപാര്‍ശ ചെയ്തു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും പ്രതിരോധമന്ത്രിയോടും നേരിട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കു വേണ്ടി സംസ്ഥാനം എല്ലാവിധ സഹായവും വാഗ്ദാനം നല്‍കി. ഇത്രയൊക്കെയായിട്ടും പാരിസ്ഥിതിക അനുമതിയുടെ പേരില്‍ കേരളത്തിന്റെ പദ്ധതി ഇല്ലാതാക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഈ നിലപാട് പുനഃപരിശോധിക്കണമെന്നും തീരദേശ നിയന്ത്രണത്തില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പദ്ധതിക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Exit mobile version