ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ അവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ?; വിമര്‍ശിച്ച് വി മുരളീധരന്‍

തൃശ്ശൂര്‍: തിരുവനന്തപുരത്ത് പട്ടിണികാരണം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ജനപ്രതിനിധികളെ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത്, അവര്‍ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ എന്ന് വി മുരളീധരന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി മുരളീധരന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്:

പുറമ്പോക്കില്‍ കഴിയുന്ന ആറുമക്കളുള്ള ഒരു സ്ത്രീ പട്ടിണിമൂലം അവരുടെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം ഉത്തരേന്ത്യയിലല്ല, പ്രബുദ്ധ മലയാളിയുടെ നമ്പര്‍ വണ്‍ കേരളത്തിലാണ്. മദ്യപാനിയായ ഭര്‍ത്താവും മുഴുപ്പട്ടിണിമൂലം മണ്ണ് വാരിത്തിന്നുന്ന കുഞ്ഞുങ്ങളുമുള്ള നിരാലംബയായ ആ സ്ത്രീ പിന്നെ എന്തു ചെയ്യാനാണ്?

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഭാരതം ഏറെ മുന്നേറുമ്പോള്‍, കേരളത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം ഇതുപോലെയുള്ള പാവപ്പെട്ടവര്‍ക്ക് മുടക്കുന്നത് ആരെന്നറിഞ്ഞേ തീരൂ. ലൈഫ് പദ്ധതിയിലെ അര്‍ഹരില്‍ ഇവര്‍ പെടാതെ പോയത് എന്തുകൊണ്ടാണ്? ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത് അവര്‍ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ?

വരുമാനമാര്‍ഗ്ഗമെന്ന് പറഞ്ഞ് മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത സംസ്ഥാന സര്‍ക്കാരാണ് ഈ കുടുംബത്തിന്റെ ദുരിതത്തിന് ഒരു പ്രധാന കാരണം. വിശപ്പിനോടാണ് നമ്മള്‍ കടക്കൂ പുറത്തെന്ന് പറയേണ്ടത്. കുഞ്ഞുങ്ങളെ നോക്കാതെ മദ്യത്തില്‍ മുങ്ങിയവരിലാണ് നവോത്ഥാനം കൊണ്ടുവരേണ്ടത്.

കേരളം ലോകത്തിന് മുന്നില്‍ തല താഴ്ത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇനിയെങ്കിലും, ചുറ്റുപാടുമുള്ള അവശരിലേക്കും ആലംബഹീനരിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണെത്തണം. അതിനുള്ള ഒരു മുന്നറിയിപ്പാണ് ഇന്ന് നാം കണ്ട, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി അവരെ ചിറകിനടിയില്‍ നിന്ന് മാറ്റേണ്ടി വന്ന പെറ്റമ്മയുടെ പിടച്ചില്‍. ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ വരരുതേയെന്ന് മാത്രമാണ് ഉള്ളുലയ്ക്കുന്ന ഈ കാഴ്ച കാണുമ്പോഴുള്ള പ്രാര്‍ത്ഥന.

Exit mobile version