കേരളത്തില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ആകാം, പക്ഷേ ഡച്ച് ഭാഷ അറിയാവുന്ന നഴ്‌സുമാരെ മത്രം മതി; കേരളത്തോട് നെതര്‍ലാന്‍ഡ്‌സ്

ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയ മുഖ്യമന്ത്രി, കേരളം നഴ്‌സുമാരെ അയയ്ക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു.

തിരുവനന്തപുരം: കേരളത്തിന് തിരിച്ചടിയായി നെതര്‍ലാന്‍ഡിസിന്റെ പുതിയ തീരുമാനം. കേരളത്തില്‍ നിന്നു നഴ്‌സ് റിക്രൂട്‌മെന്റ് ആകാമെങ്കിലും ഡച്ച് ഭാഷ അറിയാവുന്ന നഴ്‌സുമാരെ മാത്രം മതിയെന്നാണ് തീരുമാനം. ഇക്കാര്യം നെതര്‍ലാന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

ചീഫ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് തദ്ദേശീയരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും കഴിഞ്ഞാല്‍ മാത്രമേ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളുവെന്നും അവര്‍ക്ക് ഡച്ച് ഭാഷയില്‍ അറിവുണ്ടാകണമെന്നും നെതര്‍ലാന്‍ഡ്‌സ് വ്യക്തമാക്കിയത്.

കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രിയുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ചയ്ക്കിടെ ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് അറിയിച്ചത്. ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയ മുഖ്യമന്ത്രി, കേരളം നഴ്‌സുമാരെ അയയ്ക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു.

ശേഷം നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണു ചീഫ് സെക്രട്ടറി നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാരിനു കത്തയച്ചത്. ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version