സംസ്ഥാനത്ത് 28 അതിവേഗ പോക്‌സോ കോടതികള്‍ വരുന്നു

കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിവേഗ സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന
സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിവേഗ സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികളാണ് ആരംഭിക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും, മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായായിരിക്കും പോക്സോ കോടതികള്‍ സ്ഥാപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. കോടതികള്‍ ബാല സൗഹൃദമാക്കുന്നതിനും കുറ്റവാളികള്‍ക്ക് വേഗത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കുന്നതിനുമാണ് പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന അഡിഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ പോക്സോ കോടതിയായി ഡെസിഗ്നേറ്റ് ചെയ്തിട്ടുണ്ട്.

മറ്റ് 11 ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ ചില്‍ഡ്രന്‍സ് കോര്‍ട്ടായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. പോക്സോ ആക്ട് സെക്ഷന്‍ 28 അനുസരിച്ച് ഈ കോടതികളെ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായി കണക്കാക്കിയിട്ടുണ്ട്.

എറണാകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കി മാറ്റുന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പോക്സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്സോ കോടതി സ്ഥാപിക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ കോടതിയ്ക്കായി മൂന്ന് തസ്തികകള്‍ സൃഷ്ടിക്കുകയും 10 ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version