ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട സംഭവം; ആശുപത്രിയില്‍ ഉപേക്ഷിച്ച് പോലീസ് മുങ്ങിയതായി ആരോപണം

കൊല്ലം; കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി അപകടത്തില്‍പെട്ട യുവാവിന്റെ പിതാവ്. സംഭവത്തിനിടെ പരിക്കേറ്റ സിദ്ദിഖിനെ പോലീസ് താലൂക്കാശുപത്രിയില്‍ ഉപേക്ഷിച്ചുപോയെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദിഖി (22) നാണു പോലീസിന്റെ ക്രൂരതയില്‍ ഗുരുതര പരുക്കേറ്റത്. ഇതിന് പിന്നാലെയാണ് നടപടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കും.

വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് വെക്കാതെ പോയ യുവാവിനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞത്. ഇതിനിടെ നിയന്ത്രിണം വിട്ട് മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സിദ്ദിഖിന് തലയ്ക്കും കാലിനുമാണ് ഗുരുതര പരിക്ക്.

ലാത്തിയെറിഞ്ഞ കടയ്ക്കല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു. പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും. സംഭവത്തില്‍ ശക്തമായ നടപടിയെടുത്തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version