ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങി; വഴിമധ്യേ വയോധികന്‍ മരണപ്പെട്ടു, ജീവന്‍ നഷ്ടമായത് കടത്തിണ്ണയില്‍ കിടന്നപ്പോള്‍

പെന്‍ഷന്‍ മസ്റ്ററിങ്ങിനു ടോക്കണ്‍ എടുക്കാന്‍ അക്ഷയ കേന്ദ്രത്തിലേക്ക് പോകവെയാണ് ദിനപാലന്‍ മരണപ്പെട്ടത്.

തൃശ്ശൂര്‍: ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങി തിരിച്ച വയോധികന്‍ വഴിമധ്യേ മരണപ്പെട്ടു. ചാഴൂര്‍ ആലപ്പാട് കിണര്‍ സ്റ്റോപ്പിനു സമീപം കല്ലുങ്ങല്‍ വീട്ടില്‍ ദിനപാലന്‍ (79) ആണു മരിച്ചത്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ് ജീവനോടെ ഉണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹം വെളുപ്പിന് അഞ്ചു മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

പെന്‍ഷന്‍ മസ്റ്ററിങ്ങിനു ടോക്കണ്‍ എടുക്കാന്‍ അക്ഷയ കേന്ദ്രത്തിലേക്ക് പോകവെയാണ് ദിനപാലന്‍ മരണപ്പെട്ടത്. സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇടയ്ക്ക് വെച്ച് തളര്‍ച്ച അനുഭവപ്പെട്ടു. ആലപ്പാട് സെന്ററില്‍ വെച്ചു തളര്‍ച്ച തോന്നിയ ഉടനെ കടത്തിണ്ണയില്‍ കിടന്നു. പത്രവിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

നാട്ടികയില്‍ മകളുടെ വീട്ടില്‍ താമസിക്കുന്ന ദിനപാലന്‍ മസ്റ്ററിങ്ങിനായാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. അതിരാവിലെ പോയാലേ ടോക്കണ്‍ കിട്ടൂ എന്നതിനാലാണ് വെളുപ്പിന് അഞ്ചിനു തന്നെ ഇറങ്ങിയത്. മരുമകന്റെ അമ്മയുടെ സഞ്ചയന ദിവസമാണു ദിനപാലന്‍ മരണപ്പെട്ടത്.

Exit mobile version