ഇത്തവണ ക്രിസ്മസും പുതുവര്‍ഷവും കളറാകും; വരും 30 നാളുകള്‍ ഇനി ഷോപ്പിങ് രാവുകള്‍, രാത്രിയെ പകലാക്കാന്‍ ഇതാ തൃശ്ശൂരിലെ ഗഡ്ഡികള്‍ക്കും അവസരം

ഷോപ്പിങ് രാവുകള്‍ വരുന്നു എന്നറിഞ്ഞതോടെ തൃശ്ശൂര്‍ നഗരവും ആവേശത്തിലാണ്.

തൃശ്ശൂര്‍: ഇത്തവണ ക്രിസ്മസിനും പുതുവര്‍ഷത്തിലും വീട്ടില്‍ ഇരുന്ന് സമയം തീര്‍ക്കേണ്ട, രാവ് പകലാക്കാന്‍ തൃശ്ശൂരിലെ ഗഡികള്‍ക്ക് പുത്തന്‍ അവസരം കൈവന്നിരിക്കുകയാണ്. ദുബായ്, ബംഗളൂരു നഗരത്തിലെ രാത്രി സഞ്ചാരം 30 ദിവസത്തേയ്ക്ക് ഇപ്പോള്‍ തൃശ്ശൂര്‍ നഗരത്തിലും വരികയാണ്. ഇത്തവണ ആഘോഷം കളറാകും എന്നതില്‍ സംശയമില്ല. ഷോപ്പിങ് രാവുകള്‍ വരുന്നു എന്നറിഞ്ഞതോടെ തൃശ്ശൂര്‍ നഗരവും ആവേശത്തിലാണ്.

വിദേശരാജ്യങ്ങളിലേയും ബംഗളൂരുവിലേയും നൈറ്റ് ഷോപ്പിങ്ങുകളുടെ അത്രയും എത്തില്ലെങ്കിലും രാത്രി സഞ്ചാരം കോഴിക്കോട് മിഠായി തെരുവുകളില്‍ ഉണ്ട്. പെരുന്നാള്‍ രാത്രികളില്‍ ആണ് കൂടുതലും കച്ചവടത്തിരക്ക് അനുഭവപ്പെടുന്നത്. ഇപ്പോള്‍ ആ അനുഭവമാണ് തൃശ്ശൂര്‍ നഗരത്തിലും 30 നാളുകള്‍ ലഭിക്കാന്‍ പോകുന്നത്. ചേംബര്‍ ഓഫ് കൊമേഴ്സും തൃശ്ശൂര്‍ കോര്‍പ്പറേഷനും തൃശ്ശൂരിലെ വ്യാപാരിവ്യവസായി സംഘടനകളും ചേര്‍ന്നാണ് ഷോപ്പിങ് രാവുകള്‍ ഒരുക്കുന്നത്.

ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് തൃശ്ശൂര്‍ നഗരത്തില്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. നഗരത്തിന്റെ രണ്ടരകിലോമീറ്റര്‍ പരിധിക്കുള്ളില്‍പ്പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തന്‍ മാര്‍ക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കല്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളാണ് തുറന്ന് പ്രവര്‍ത്തിക്കുക. രാത്രി 11 മണിവരെ എങ്കിലും ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകുന്നേരം ആറ് മുതലാണ് ഷോപ്പിങ് ഉത്സവം നടക്കുന്നത്. രാത്രിയും പകലും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

നൈറ്റ് ഷോപ്പിങ് ഉത്സവം നടക്കുന്നതിനാല്‍ ആറുമുതല്‍ കടകളില്‍ പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കും. നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന് വ്യാപാരികളും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റില്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലാണ് ചേംബര്‍ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സംഘടനകളും. കടകളും പരിസരങ്ങളും റോഡുകളും ഇതിനോടകം ശുചീകരിക്കാനുള്ള പരിപാടിയിലാണ്.

നഗരം പൂര്‍ണ്ണമായും വൃത്തിയാക്കുകയാണ് പ്രാരംഭ നടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും കൂടെ കൂടും. മാലിന്യ നിക്ഷേപത്തിന് പ്രത്യേക ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. കൂട്ടത്തില്‍ ഇ-ടോയ്‌ലെറ്റുകളും സ്ഥാപിക്കുന്നുണ്ട്.

ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാന്‍ സ്വാഗതകമാനങ്ങളും അലങ്കാരങ്ങളും ഒരുക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും. ഈ ഒരുക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക അനുഭൂതി നല്‍കും. ഇതോടൊപ്പം ചിത്രരചന, കഥ, കവിത, സംഗീതം, നടത്തം, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നടത്തും. വിവിധ വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറും. പുഴയ്ക്കല്‍ പാടത്ത് മഡ് റേസ് നടത്തും. ഇതും പുത്തന്‍ അനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

നൈറ്റ് ഷോപ്പിങ്ങിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്താനും തീരുമാനം ഉണ്ട്. ഇതിനായി നഗരത്തിലെ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തന്‍പള്ളി, ലൂര്‍ദ് പള്ളി, തേക്കിന്‍കാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കും. ഷോപ്പിങ്ങിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താനും തീരുമാനം ഉണ്ട്.

നൈറ്റ് ഫെസ്റ്റിഫലിന് എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകളും ഉണ്ടാകും. ഷോപ്പിങ് ദിവസങ്ങളില്‍ വൈകീട്ട് ആറിന് ശേഷം ഓണ്‍ലൈന്‍ വ്യാപാരം വഴിയുള്ള അത്താഴമെത്തിക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു.

ഫെസ്റ്റിവലിന് മാറ്റുകൂട്ടി പല പള്ളികളിലെയും സ്ഥാപനങ്ങളിലെയും പുല്‍ക്കൂടുകള്‍ നഗരത്തില്‍ സ്ഥാപിക്കും. ക്രിസ്മസ് കാലമായതിനാലാണ് ഇത്തരത്തില്‍ പുല്‍ക്കൂടുകള്‍ ഒരുക്കുന്നത്. ഷോപ്പിങ്ങിനെത്തുന്നവര്‍ക്ക് ഒരു മാസം മുഴുവന്‍ ഇത് കാണാനുള്ള സൗകര്യമൊരുക്കും. ക്രിസ്മസ് കരോളുകള്‍ റൗണ്ടിലെത്തി നഗരത്തിലാകെ കറങ്ങും. ഇത് ഉപഭോക്താക്കളില്‍ ആവേശം സൃഷ്ടിക്കും. ബെല്ലി ഡാന്‍സ് തുടങ്ങിയ യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തരൂപങ്ങള്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്ന തെരുവുകളില്‍ അരങ്ങേറും.

കൂടാതെ ഫ്‌ളാഷ് മോബ് മത്സരങ്ങളും നടത്തുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടിആര്‍ വിജയകുമാര്‍ പറഞ്ഞു. ഇതില്‍ ഉപഭോക്താക്കള്‍ക്കും പങ്കാളികളാകാം. ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ജനുവരി 15-ന് ബേക്കറി മാനുഫാക്ചറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വരാജ് റൗണ്ടില്‍ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ കേക്ക് തയ്യാറാക്കും. ഷോപ്പിങ് ഫെസ്റ്റിവലിനെത്തുന്നവര്‍ക്ക് കേക്ക് മുറിച്ച് കഴിക്കാനാവുന്നതാണ്. ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡാണെന്നും ഇവര്‍ അറിയിക്കുന്നു.

Exit mobile version