ആലപ്പുഴയുടെ തനത് കയര്‍ പിരിക്കലില്‍ ഒപ്പം കൂടി വിദേശികള്‍

ആലപ്പുഴ; ധാരാളം വിനോദ സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലമാണ് ആലപ്പുഴ. ഇവിടെ എത്തുന്ന സഞ്ചാരികള്‍ പ്രദേശത്തെ രീതികളെ കുറിച്ചും തൊഴിലിനെക്കുറിച്ചും അറിയാനും പഠിക്കാനും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ കയര്‍ കൈപ്പിരിയിലേക്ക് സഞ്ചാരികള്‍ ഒരു ശ്രമം നടത്തിയതാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്.

ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വേണ്ടി വന്നതായിരുന്ന സഞ്ചാരികള്‍. ഇതിനിടെയാണ് കയര്‍ കേരള 2019 ന്റെ ഭാഗമായി ഇവിടെ നടക്കുന്ന കയര്‍ പിരിവ് മത്സരം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നെ ഒന്നും നോക്കിയില്ല, പഠിച്ചിട്ട് പോവാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് ഇവര്‍ കയര്‍ പിരിവ് മത്സരത്തില്‍ പങ്കെടുത്തത്.

10 മിനിറ്റ് കൊണ്ട് പരമാവധി നീളത്തില്‍ കൈകള്‍ മാത്രം ഉപയോഗിച്ച് കയര്‍ പിരിക്കണം. ആദ്യം മുതിര്‍ന്ന കയര്‍ത്തൊഴിലാളിയായ ദേവകിയമ്മയുടെ വക ട്രെയിനിങ്. പിന്നീട് പിരിച്ചു തുടങ്ങി. കുറച്ച് പണിപ്പെട്ട് പതുക്കെ പിരിച്ചു. ഒപ്പം കൈ അടിച്ച് ആലപ്പുഴക്കാരും ചുറ്റും കൂടി. പക്ഷെ ആലപ്പുഴയുടെ തനത് കൈപ്പിരിയില്‍ പാവം ജര്‍മ്മന്‍കാര്‍ എങ്ങനെ വിജയിക്കാന്‍. ഒടുവില്‍ സമ്മാനാര്‍ഹരായവരെ കൈകൊടുത്തു അഭിനന്ദിച്ചു അവര്‍ വിനോദങ്ങളിലേക്ക് യാത്ര പറഞ്ഞു.

Exit mobile version