ജോളിയെ കട്ടപ്പനയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി; അന്നമ്മയ്ക്ക് വിഷം നല്‍കിയത് വളര്‍ത്തുനായയില്‍ പരീക്ഷിച്ച് വിജയിച്ചശേഷം

കൂടത്തായി കൊലപാതക കേസില്‍ ജോളിയെ കട്ടപ്പനയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ മാതാപിതാക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു.

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളിയെ കട്ടപ്പനയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ മാതാപിതാക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു. രാവിലെ ഏഴ് മണിയോടെയാണ് ജോളിയെ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഒമ്പത് മണിയോടെ കനത്ത സുരക്ഷയില്‍ വാഴവരയിലുള്ള പഴയ കുടുംബവീട്ടിലേക്കെത്തിച്ചു.

അന്നമ്മയെ കൊല്ലാന്‍ വലിയ തയ്യാറെടുപ്പുകളാണ് ജോളി നടത്തിയത്. കട്ടപ്പനയിലെ വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.

കാര്‍ഷിക ആവശ്യത്തിനായി അച്ഛന്‍ വാങ്ങിവച്ചിരുന്ന വിഷം വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിച്ചു. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്ന് ആര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാന്‍ ജോളിക്ക് പ്രചോദനമായതെതെന്നാണ് അന്വേഷണസംഘം പറയുന്നത്.

ജോളിയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്ന കട്ടപ്പന വലിയകണ്ടത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു.

Exit mobile version