കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്

കൊല്ലം: കുണ്ടറ മുളവനയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ തെളിവെടുപ്പ് നടത്തി പോലീസ്. പ്രതി വൈശാഖിനെ ഭാര്യയുടെ വീട്ടില്‍ എത്തിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നും ഉണ്ടായത്. പണം ആവശ്യപ്പെട്ടുള്ള തര്‍ക്കതിനിടെ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് വൈശാഖ് പോലീസില്‍ മൊഴി നല്‍കി.

കൃതിയുടെ രണ്ടാം ഭര്‍ത്താവാണ് വൈശാഖ്. മരണപ്പെട്ടാല്‍ സ്വത്തിന്റെ അവകാശി ആദ്യ വിവാഹത്തിലെ മൂന്നു വയസുകാരിയായ മകള്‍ മാത്രമായിരിക്കുമെന്ന് കൃതി എഴുതിവെച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒന്‍പതു മാസത്തിനിടെ കാല്‍ക്കോടിയിലധികം രൂപ വൈശാഖ് കൈക്കലാക്കിയിട്ടുണ്ടെന്ന് കൃതിയുടെ കുടുംബം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറ്റത്തില്‍ വീട്ടില്‍ മോഹനന്റെ മകള്‍ കൃതി (26) യാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. കൃതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ കിഴടങ്ങുകയായിരുന്നു.

Exit mobile version