കേരള നിയമസഭ സമ്മേളനം ഇന്ന് സമാപിക്കും ; എംഎല്‍എയെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം

തിരുവനന്തപുരം: പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് നടന്നത്. എന്നാല്‍ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയെയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ സ്തംഭിച്ചിരുന്നു.

സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം. അതേ സമയം എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണുമെന്നും, പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണുമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയാനാണ് സാധ്യത.

ചൊവ്വാഴ്ച്ചയാണ് കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെഎസ്യു മാര്‍ച്ച് നടത്തിയത്. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിയമസഭാ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

Exit mobile version