വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി; അപ്പീലില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം

പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചു.

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അപ്പീലില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചു.

വാളയാര്‍ കേസില്‍ സാക്ഷിമൊഴികള്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചില്ലെന്ന ആരോപണം ഉയര്‍ത്തുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും കേസില്‍ തുടരന്വേഷണവും തുടര്‍ വിചാരണയും അനിവാര്യമാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വാളയാറില്‍ മരിച്ച ആദ്യത്തെ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചുവെന്നും കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. വാളയാറില്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ടശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികളായവരെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെ രൂക്ഷവിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

Exit mobile version