സിങ്കപ്പെണ്ണേ ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി ഒരു കൂട്ടം പെണ്‍കുട്ടികള്‍

തൃശ്ശൂര്‍: ദളപതി വിജയ് ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് സമ്മാനിക്കുന്നത് ആവേശത്തിന്റെ ഉത്സവമാണ്. അത്തരത്തില്‍ ഒരു ചിത്രമായിരുന്നു ‘ബിഗില്‍’. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ സിങ്കപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതേ പാട്ട് താളം പിടിച്ച് പാടിയിരിക്കുകയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍. പാട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുകയാണ്. മന്‍സിയ വിപി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ‘കലാമണ്ഡലത്തിലെ സിങ്കപെണ്‍കുട്ടികള്‍’ എന്ന തലക്കെട്ടോടെയാണ് ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്യൂട്ട് കേസില്‍ താളം പിടിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ സിങ്കപ്പെണ്ണേ പാടുന്നത്. നിരവധി കമന്റുകളാണ് പെണ്‍കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിനു താഴെ ഇട്ടിരിക്കുന്നത്. നടന്‍ ജോജുജോര്‍ജും പുലിക്കുട്ടികള്‍ എന്ന തലക്കെട്ടു നല്‍കി വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനായി എത്തിയ സിനിമ ഒരു സ്‌പോര്‍ട്‌സ് ചിത്രമായിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version