ഞെട്ടിച്ച് ശബരിമല, ആദ്യ ദിനത്തില്‍ മൂന്ന് കോടി വരുമാനം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നേകാല്‍ കോടി വര്‍ധനവ്, പ്രതീക്ഷിച്ചതിനേക്കാള്‍ ഭക്തജന തിരക്കും

ഇത്തവണ ഒരു കോടി 28ലക്ഷത്തിന്റെ കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പത്തനംതിട്ട: മണ്ഡലകാലത്തിന് ആരംഭമായതോടെ ശബരിമലയിലേയ്ക്ക് ഭക്തജന പ്രവാഹമാണ്. പ്രതീക്ഷിച്ചതിനേക്കാളും ഭക്തജന തിരക്കാണ് ഇവിടെ കാണപ്പെട്ടത്. വരുമാനവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ ദിനത്തില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അപേക്ഷിച്ച് നോക്കിയാല്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

ഇത്തവണ ഒരു കോടി 28ലക്ഷത്തിന്റെ കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടവരവ്, അപ്പം അരവണ വില്‍പ്പന, കടകളില്‍ നിന്നുള്ള വരുമാനം എന്നിവ എല്ലാം ഉള്‍പ്പെടെയുള്ള വരുമാനത്തിന്റെ കണക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്ത് വിട്ടത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് നട തുറന്നതോടെ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും പ്രതീക്ഷ. യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നട വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതില്‍ നിന്നെല്ലാം ഇക്കൊല്ലം കരകയറാം എന്ന പ്രതീക്ഷയിലുമാണ് അധികൃതര്‍.

Exit mobile version