വിഷ്ണുവിന് ‘ജീവിതം’ തിരിച്ച് നല്‍കിയത് ഇവര്‍; യുവാക്കളോട് നന്ദി പറഞ്ഞും ഉപഹാരം നല്‍കിയും പോലീസ്

തളിക്കുളം അയിനിച്ചുവട് തോപ്പില്‍ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടില്‍ ഇമ്രാന്‍ എന്നിവരാണ് ആ നന്മ മനസിന് ഉടമകള്‍.

തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ കണ്ണുനീരും അതിനുശേഷം മനസ് നിറഞ്ഞുള്ള പുഞ്ചിരിയും കണ്ടത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷം വിഷ്ണുവിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുള്ളിയായാണ് ഒഴുകിയത്. പിന്നീടത് പുഞ്ചിരിയിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇപ്പോള്‍ ആ പുഞ്ചിരിക്ക് കാരണമായ യുവാക്കളെ പരിചയപ്പെടുത്തുകയാണ് പോലീസ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച യുവാക്കള്‍ക്ക് നന്ദി പറയാനും പോലീസ് മടികാണിച്ചില്ല. കൂടാതെ ഇവരെ ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തു.

തളിക്കുളം അയിനിച്ചുവട് തോപ്പില്‍ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടില്‍ ഇമ്രാന്‍ എന്നിവരാണ് ആ നന്മ മനസിന് ഉടമകള്‍. ഇവരെയാണ് റെയില്‍വേ പോലീസ് ഉപഹാരം നല്‍കി അനുമോദിച്ചത്. എസ്‌ഐ എ അജിത് കുമാര്‍ ഇരുവര്‍ക്കും ഉപഹാരം കൈമാറി. ജര്‍മ്മന്‍ കപ്പലില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടും പാന്‍ കാര്‍ഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയല്‍ രണ്ട് ദിവസം മുന്‍പാണ് നഷ്ടപ്പെട്ടത്.

തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റ്, ടിസി എന്നിവയാണ് ഇനി വിഷ്ണുവിന് ലഭിക്കാനുള്ളത്. ബാക്കിയെല്ലാം വിഷ്ണുവിന് ലഭിച്ചു. ഗൂഡല്ലൂരില്‍ താമസമാക്കിയ വിഷ്ണുപ്രസാദിന് ഇവ വലിയ ബുദ്ധിമുട്ടില്ലാതെ ശരിയാക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. ബാക്കിയെല്ലാം ഒരു കോട്ടവും തട്ടാതെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിഷ്ണു.

പാസ്‌പോര്‍ട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പല്‍ ജീവനക്കാര്‍ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതില്‍പ്പെടുന്നു. ജര്‍മ്മനിയിലെ ജോലിയില്‍ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ. ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോള്‍ കാണപ്പെട്ട ഫയല്‍ സംശയം തോന്നി എടുത്തു പരിശോധിച്ചത്. അതില്‍ വിഷ്ണു തേടുന്ന നിധിയാണെന്ന് തിരിച്ചറിഞ്ഞ യുവാക്കള്‍ ഫയല്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. ഈ യുവാക്കള്‍ ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.

Exit mobile version