ശബരിമല വിധിയില്‍ അവ്യക്തതയില്ല; സര്‍ക്കാരിന്റെ നിലപാട് മാറ്റം പുരോഗമന വേദികളെ ദുര്‍ബലമാക്കും; പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം; ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. വിഷയത്തിലുള്ള സര്‍ക്കാരിന്റെ നിലപാടുമാറ്റം പുരോഗമന വേദികളെ ദുര്‍ബലമാക്കുമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. വിധിയില്‍ അവ്യക്തതയില്ല. യുവതീപ്രവേശം അനുവദിച്ച വിധി നിലനില്‍ക്കുന്നുവെന്നും പുന്നല ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

യുവതി പ്രവേശനം വേണ്ട എന്ന പുതിയ പ്രഖ്യാപനം, ഗവണ്‍മെന്റും അതിന്റെ രാഷ്ട്രീയ നേതൃത്വവും നേരത്തെ എടുത്ത നിലപാടില്‍ നിന്നുള്ള മാറ്റമായി വിലയിരുത്തേണ്ടി വരുമെന്നും പുന്നല പറഞ്ഞു. ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തെയും പുന്നല വിമര്‍ശിച്ചു.

യുവതി പ്രവേശനം വിലക്കണമെന്ന് പറയുന്ന ആളുകളുടെ ശരീര ഭാഷയും സംസാര ഭാഷയുമാണ് ദേവസ്വം മന്ത്രി ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നും പുന്നല വിമര്‍ശിച്ചു.

Exit mobile version