63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി; ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കി എറണാകുളം

എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍വിയാണ് സ്വര്‍ണ്ണം നേടിയത്.

കണ്ണൂര്‍: 63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. എറണാകുളം ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് കായികോത്സവത്തിന് തുടക്കമായത്. ഈ ഇനത്തിലാണ് എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍വിയാണ് സ്വര്‍ണ്ണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി സ്വര്‍ണ്ണം നേടി. ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കിയത് കോഴിക്കോട് തന്നെയാണ്. കട്ടിപ്പാറ എച്ച്എഫ്എസ്എസ്എസിലെ സനിക സ്വര്‍ണ്ണവും അതേ സ്‌കൂളിലെ അനശ്വര ഗണേഷ് വെള്ളിയും നേടി.

98 ഇനങ്ങളിലായി 1904 കായികതാരങ്ങള്‍ ഇത്തവണ കായികോത്സവത്തില്‍ പങ്കെടുക്കുക. കായികോത്സവം ചൊവ്വാഴ്ച സമാപിക്കും. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ യോഗ്യത നേടുന്നവരാണ് പഞ്ചാബില്‍ ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ദേശീയ സ്‌കൂള്‍ അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുക.

Exit mobile version