വീണ്ടും കിടിലന്‍ പെര്‍ഫോമന്‍സുമായി കുട്ടികളുടെ മുന്നിലെത്തി ഉഷ ടീച്ചര്‍; അന്ന് ഓട്ടന്‍ തുള്ളല്‍ ഇന്ന് ഒപ്പന!

ഇത് നമ്മള്‍ എല്ലാവരും അന്ന് നെഞ്ചിലേറ്റിയ ഉഷ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ ശിശുദിനത്തിന് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തത് ഉഷ ടീച്ചറുടെ കിടിലന്‍ ഓട്ടന്‍തുളളല്‍പാട്ടായിരുന്നു.

തൃശ്ശൂര്‍: ഇത് നമ്മള്‍ എല്ലാവരും അന്ന് നെഞ്ചിലേറ്റിയ ഉഷ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ
ശിശുദിനത്തിന് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തത് ഉഷ ടീച്ചറുടെ കിടിലന്‍ ഓട്ടന്‍തുളളല്‍പാട്ടായിരുന്നു. കുട്ടികള്‍ക്ക് ചാച്ഛാജിയെക്കുറിച്ച് തുളളല്‍പാട്ടിലൂടെ അവതരിപ്പിച്ച ടീച്ചറിന്റെ വീഡിയോ സോഷ്യല്‍മീഡിയ അന്ന് ആഘോഷിക്കുകയും ചെയ്തു. ആ ടീച്ചറും സ്‌കൂളും ഏതാണെന്ന അന്വേഷണം ചെന്നവസാനിച്ചത് തൃക്കരിപ്പൂര്‍ സെന്റ് പോള്‍ ജിയുപിഎസിലാണ്.

എന്നാല്‍ ഇത്തവണയും കിടിലന്‍ പെര്‍ഫോമന്‍സുമായാണ് ടീച്ചര്‍ കുട്ടികളുടെ മുന്നിലെത്തിയത്. ഒപ്പനയുമായാണ് ടീച്ചര്‍ ഇക്കുറി ശിശുദിനത്തില്‍ എത്തിയത്. കുട്ടികള്‍ക്കു മുമ്പില്‍ നിന്ന് മൈക്കും പിടിച്ച് സ്വന്തമായി എഴുതി ഈണം നല്‍കിയ പാട്ടു പാടി തകര്‍പ്പന്‍ ഒപ്പന കളിക്കുപ്പോള്‍ ടീച്ചര്‍ കുട്ടികളേക്കാള്‍ ചെറുതായി.

ചാച്ചാജിയുടെ ജനനം, മാതാപിതാക്കള്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ചാച്ചാജിയുടെ പ്രധാന്യം തുടങ്ങി മരണം വരെയുള്ള വിവരങ്ങളായിരുന്നു ഒപ്പനയിലെ വരികള്‍. ആ വിവരങ്ങള്‍ കുട്ടികളുടെ മനസില്‍ പതിയാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു മാര്‍ഗം തിരഞ്ഞെടുത്തത് എന്ന് ഉഷ ടീച്ചര്‍ പറയുന്നു.

ചാച്ചാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നതിനിടയില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചാച്ചാജിയെക്കുടാതെ ഒപ്പനയിലെ വരികള്‍ക്കിടയില്‍ ടീച്ചര്‍ മറ്റുചില വിവരങ്ങള്‍ ഉള്‍പ്പെടുത്തി.

‘ലഹരി അടങ്ങിയ മിഠായി കഴിക്കരുത്, കടലാസും പ്ലാസ്റ്റിക്കും വലിച്ചെറിയരുത് അന്ധമായി ആരെയും വിശ്വസിക്കരുത് അറിയാത്ത ആളുകളില്‍ നിന്ന് ഒന്നും വാങ്ങിക്കഴിക്കരുത് ,കഷ്ടപ്പെട്ട് പഠിച്ചാല്‍ സ്വപ്നം ഫലിക്കും..’എന്നിങ്ങനെ ആയിരുന്നു അതിലെ വരികള്‍. വരികള്‍ എഴുതാന്‍ രണ്ട് ദിവസമാണ് ടീച്ചര്‍ എടുത്തത്.

എന്നാല്‍ അത് ട്യൂണ്‍ ചെയ്ത് കാണാതെ പഠിക്കാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരു ബോധവത്ക്കരണം നല്‍കുക എന്നതു കൂടിയായിരുന്നു ടീച്ചറുടെ ലക്ഷ്യം. ലഹരി, മൊബൈല്‍ ഫോണിന്റെ ഉപയോഗം, പ്ലാസ്റ്റിക്ക് വലിച്ചെറിയുക തുടങ്ങിയവയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുക എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. നേരിട്ടു പറഞ്ഞാല്‍ അവര്‍ അത് അനുസരിക്കാന്‍ മടികാണിക്കും. അതുകൊണ്ടു തന്നെ അതിനായി ഒപ്പന എന്ന മാര്‍ഗം തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ മനസില്‍ ആ പാട്ടെങ്കിലും നിലനില്‍ക്കും- ഉഷ ടീച്ചര്‍ പറയുന്നു.

നിറഞ്ഞ കൈയടിയോടെ ടീച്ചറുടെ ഒപ്പന കുട്ടികള്‍ ഏറ്റെടുത്തു. സഹപ്രവര്‍ത്തകരുടെ പൂര്‍ണപിന്തുണയും ഉണ്ടായിരുന്നു. തുടക്കത്തില്‍ ഒപ്പനപ്പാട്ട് മാത്രമാണ് ഉദ്ദേശിച്ചത്. പിന്നെ ഒപ്പനയായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അവരുടെ ദിവസമല്ലേ ശിശുദിനം എല്ലാവരും വേഷമൊക്കെ ഇട്ട് കളിക്കുമ്പോള്‍ അവരുടെ മനസില്‍ സന്തോഷം ഉണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ടീച്ചര്‍ ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ചാച്ചാജിയെക്കുറിച്ചു അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍ വൈറലായിരുന്നു. അല്‍പസ്വല്‍പം വിമര്‍ശനമൊക്കെ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു എങ്കിലും ടീച്ചര്‍ക്ക് നാലുഭാഗത്തു നിന്നും അഭിനന്ദന പെരുമഴയായിരുന്നു.

Exit mobile version