മുതിര്‍ന്നവരെ കടത്തി വെട്ടുന്ന മെയ്‌വഴക്കം; രാജ്യാന്തര കളരി ചാംപ്യന്‍ഷിപ്പിലേയ്ക്ക് യോഗ്യത നേടി തൃശ്ശൂരിലെ രണ്ട് ചുണക്കുട്ടികള്‍, അഭിനന്ദന പ്രവാഹം

പ്രോ ലീഗ് ഫിറ്റ് കിഡ് വേള്‍ഡ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പാണ് വേദി.

തൃശ്ശൂര്‍: മുതിര്‍ന്നവരെ പോലും കടത്തി വെട്ടുന്ന മെയ്‌വഴക്കവുമായി തൃശ്ശൂര്‍ ജില്ലയിലെ രണ്ട് ചുണക്കുട്ടികള്‍. ഈ മെയ്‌വഴക്കത്തില്‍ ഇവര്‍ നേടിയത് സ്‌പെയിനില്‍ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര കളരി ചാംപ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതയാണ്. തൃശ്ശൂരിലെ പുതുരുത്തി സ്വദേശികളായ വേദികയും വൈഷ്ണവുമാണ് ആ മിടുക്കര്‍. ഇതറിഞ്ഞതോടെ ഇവരെ അഭിനന്ദിക്കാന്‍ നിരവധി പേരാണ് എത്തുന്നത്.

പ്രോ ലീഗ് ഫിറ്റ് കിഡ് വേള്‍ഡ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പാണ് വേദി. സ്‌പെയിനില്‍ നടക്കുന്ന ഈ ചാംപ്യന്‍ഷിപ്പിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കുട്ടികള്‍ എത്തുക. ഇവിടെ കേരളത്തിന്റെ അഭിമാനമായി വേദികയും വൈഷ്ണവും ഉണ്ടാകും. വേദികയ്ക്ക് അഞ്ച് വയസാണ് പ്രായം. വൈഷ്ണവിന് ഒന്‍പതും. പക്ഷേ ഇരുവര്‍ക്കും മുതിര്‍ന്നവരെ പോലും പിന്നിലാക്കുന്ന മെയ്‌വഴക്കമാണുള്ളത്.

ഒറ്റ മിനിറ്റിനുള്ളില്‍ പരമാവധി കായികക്ഷമത തെളിയിക്കുന്നതാണ് മല്‍സരം. കളരിയും യോഗയുമാണ് കുട്ടികളുടെ ഇനം. ചെന്നൈയില്‍ നടന്ന ദേശീയ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സ്‌പെയിനിലേക്ക് ടിക്കറ്റ് ഇരുവര്‍ക്കും ലഭിച്ചത്. പുതുരുത്തി ചെമ്മണ്ണൂര്‍ വീട്ടില്‍ വിനോദ്, ജിനി ദമ്പതികളുടെ മക്കളാണിവര്‍. പുതുരുത്തി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. അച്ഛന്‍ വിനോദ് കളരി സംഘം പരിശീലകന്‍ കൂടിയാണ്.

Exit mobile version