അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കും, ശക്തമായ നടപടി; ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണത്തെ തുടച്ച് നീക്കാന്‍ ദേവിക്കുളം പുതിയ സബ് കളക്ടര്‍

റവന്യുവകുപ്പിന്റെ അനുമതി വാങ്ങിയശേഷം മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തിയാണ് മൂന്നാര്‍ മേഖലയിലെ പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം.

മൂന്നാര്‍: ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളാന്‍ ദേവിക്കുളം പുതിയ സബ് കളക്ടര്‍ പ്രേംകൃഷ്ണ. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് പ്രേംകൃഷ്ണ പറയുന്നു. കൂടാതെ ദൗത്യസംഘത്തിന്റെ നേത്യത്വത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും സബ് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിന് പിന്നാലെയാണ് മൂന്നാറിലെ കൈയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തുടച്ചു നീക്കാന്‍ പുതിയ സബ് കളക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. റവന്യുവകുപ്പിന്റെ അനുമതി വാങ്ങിയശേഷം മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തിയാണ് മൂന്നാര്‍ മേഖലയിലെ പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം. ഇത്തരം നിര്‍മ്മിതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് പ്രേംകുമാര്‍.

മൂന്നാര്‍ ദൗത്യസംഘത്തിന്റെ നേത്യത്വത്തില്‍ മൂന്നാറില്‍ നടത്തിയ പരിശോധനകളില്‍ അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തി. വീടിന് അനുവധിച്ച എന്‍ഒസി ഉപയോഗിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ വിവരങ്ങള്‍ ഇതിനോടകം റവന്യുവകുപ്പ് ശേഖരിച്ചുകഴിഞ്ഞു.

Exit mobile version