ശബരിമല വിധി എന്തായാലും അവധാനതയോടെ സ്വീകരിക്കണം; പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് ഭക്തജനങ്ങളോട് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിന് ശേഷം സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നാണ് വിധി പറയുക. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക.

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിന് ശേഷം സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നാണ് വിധി പറയുക. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ആദ്യ കോടതി വിധി.

അതേസമയം, സുപ്രീംകോടതി വിധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നിര്‍ണ്ണായകമാണ്. യുവതി പ്രവേശനവിധിയെ തുടര്‍ന്നുള്ള വരുമാന നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ്. ഇതേതുടര്‍ന്ന് വിധി എന്ത് തന്നെ ആയാലും അവധാനതയോടെ സ്വീകരിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും ഭക്തജനങ്ങളോട് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. കാണിക്ക നിഷേധമെന്ന പ്രചാരണം വലിയ വരുമാന നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത്. മരാമത്ത് ജോലികളുടെ പണം നല്‍കാന്‍ കരുതല്‍ ഫണ്ടില്‍ നിന്ന് വായ്പ്പയെടുക്കേണ്ടി വന്നു. വ്യാപര സ്ഥാപനങ്ങള്‍ ലേലത്തിലെടുത്തവര്‍ക്കും വലിയ നഷ്ടമുണ്ടായി. ഇനിയൊരു പ്രതിഷേധ സാഹചര്യം ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.

Exit mobile version