അപകടാവസ്ഥയിലായ പാലം നാട്ടുകാര്‍ക്കൊപ്പം പൊളിച്ചുപണിതു; പഞ്ചായത്ത് അംഗത്തെ ജയിലില്‍ അടച്ചു, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം പൊളിച്ചെന്നാണ് കേസ്

ആലപ്പുഴ: അപകടാവസ്ഥയിലായ പാലം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊളിച്ച് പണിതതിന്റെ പേരില്‍ പഞ്ചായത്ത് അംഗത്തെ ജയിലില്‍ അടച്ചു. ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബികെ വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചെന്ന പഞ്ചായത്തിന്റെ തന്നെ പരാതിയിലാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം പൊളിച്ചെന്നാണ് കേസ്. ഉയരം കുറവായതിനാല്‍ പ്രളയകാലത്ത്, രക്ഷാപ്രവര്‍ത്തനത്തിന് അടക്കം പഴയ പാലം വലിയ തടസം തന്നെയായിരുന്നു. പഞ്ചായത്തിന്റെ ദുരന്ത നിവാരണ കമ്മിറ്റി തയ്യാറാക്കിയ ബലക്ഷയമുള്ളതും പൊളിച്ചുനീക്കേണ്ടതുമായ പാലങ്ങളുടെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പാലം പൊളിച്ചത്. കൈനകരി വികസന സമിതി എന്ന സംഘടയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്ത് അംഗങ്ങളില്‍ ഒരാളാണ് വിനോദ്.

സംഭവത്തില്‍ രാഷ്ട്രീയമായ വിരോധവും കേസിന് പിന്നിലുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊളിച്ചപാലത്തിന്റെ നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ മാത്രമെ വിനോദിന് ഇനി ജാമ്യം ലഭിക്കുകയൊള്ളൂ. ഇതിനുള്ള പണം ഇപ്പോള്‍ നാട്ടുകാര്‍ തന്നെ പിരിവെടുക്കുകയാണ്.

Exit mobile version