ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പോരാട്ടം; സിസ്റ്റര്‍ അനുപമ ഉള്‍പ്പടെയുള്ള അഞ്ച് കന്യാസ്ത്രീകള്‍ക്ക് നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ആദരം

അഞ്ച് പേരുടെയും പോരാട്ട വീര്യത്തിനാണ് മാസിക അംഗീകാരം നല്‍കിയിരിക്കുന്നത്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി രംഗത്ത് ഇറങ്ങിയവരാണ് കന്യാസ്ത്രീ അനുപമ ഉള്‍പ്പടെയുള്ളവര്‍. ഇപ്പോള്‍ ആ അഞ്ച് കന്യാസ്ത്രീകള്‍ക്കും ആദരം നല്‍കിയിരിക്കുകയാണ് വാഷിംഗ്ടണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്. അഞ്ച് പേരുടെയും പോരാട്ട വീര്യത്തിനാണ് മാസിക അംഗീകാരം നല്‍കിയിരിക്കുന്നത്.

സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം ഉള്‍പ്പടെ ഒരു കുറിപ്പോടെയാണ് 2019 നവംബര്‍ ലക്കത്തില്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍- ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്നു വിശേഷിപ്പിക്കുന്ന പ്രത്യേക പതിപ്പിലാണ് കന്യാസ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് ആദരവ് നല്‍കുന്നുണ്ടെങ്കിലും ബലാത്സംഗ കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് പറയുന്നില്ല.

മാസിക നല്‍കിയ കുറിപ്പ് ഇങ്ങനെ:

പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ ശാന്തമായി ഇരിക്കാനാണ് മേലധികാരികള്‍ കന്യാസ്ത്രീകളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. എന്നാല്‍, കന്യാസ്തീകള്‍ അതു നിരാകരിച്ചു. തന്നെ ഒരു ബിഷപ്പ് പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രി സഭാ നേതാക്കളോടു പരാതിപ്പെട്ടിരുന്നു. പക്ഷെ, ഒന്നും സംഭവിച്ചില്ല.

അതിനാല്‍ കന്യാസ്ത്രീകള്‍ പോലീസിനെ സമീപിച്ചു. അതിനു ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഞ്ച് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഹൈക്കോടതിക്കു സമീപം സത്യഗ്രഹം നടത്തി. അതു രണ്ടാഴ്ച്ച നീണ്ടുനിന്നു. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് പറഞ്ഞുവെങ്കിലും തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായി. അഞ്ച് കന്യാസ്ത്രീകള്‍ക്കു പിന്തുണ നല്‍കുന്നതിനു പകരം സഭയാകട്ടെ അവരുടെ പ്രതിമാസ അലവന്‍സ് റദ്ദാക്കുകയാണ് ചെയ്തത്.

Exit mobile version