കാവല്‍ നിന്ന പോലീസുകാരനെ ആക്രമിച്ച് പ്രതികള്‍ കടന്നു

ആശുപത്രിയില്‍ കാവല്‍ നിന്ന പോലുസുകാരനെ പ്രതികള്‍ അക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട് കടന്ന്കളഞ്ഞു. സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികളാണ് പോലീസിനെ മര്‍ദിച്ചത്. പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.
എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് സംഭവത്തിന് പിന്നില്‍.

കഴിഞ്ഞ ദിവസം പൂതംകുറ്റി-അകനാട് റൂട്ടിലോടുന്ന ബസാണ് ഇവര്‍ ആക്രമിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരെയും യാത്രക്കാരനെയും സഹോദരങ്ങളെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നതായാണ് പരാതി. ഈ കേസില്‍ ഇവരെ പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. ഇതിനിടെയാണ് പ്രതികള്‍
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ വിവരം പോലീസിന് ലഭിച്ചത്. പിന്നീട് ആശുപത്രിയില്‍ എത്തിയ പോലീസ് ഇവരുടെ മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തി.

ഇവിടെ വെച്ചാണ് പ്രതികള്‍ കാവല്‍ നിന്ന പോലീസുകാരനെ മര്‍ദിച്ച് അവശനാക്കിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നെല്‍സണാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മുറിക്കുള്ളിലാക്കി പൂട്ടിയ ശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു. ആക്രമണത്തില്‍ പോലീസുകാരന് പരുക്കേറ്റു. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version