നിറപറയും നിലവിളക്കുമായി ക്ഷേത്ര നടകളില്‍ നബിദിന റാലിക്ക് സ്വീകരണം; മാതൃകയായി ഹിന്ദു-മുസ്ലിം മതമൈത്രി

ഇത് ആദ്യമായല്ല സ്വീകരണം നല്‍കുന്നത്.

മാന്നാര്‍: മതസൗഹാര്‍ദപരമായ പ്രവൃത്തി കൊണ്ട് രാജ്യത്തിന് മാതൃകയായി ഹിന്ദു-മുസ്ലിം മതമൈത്രി. നിറപറയും നിലവിളക്കുമായാണ് ക്ഷേത്രനടകളില്‍ നബിദിന റാലിക്ക് സ്വീകരണം ഒരുക്കിയത്. ഇതാണ് ഇന്ന് സമൂഹം വാഴ്ത്തുകയും ചെയ്യുന്നത്. മാന്നാറില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിന റാലിക്കാണ് തൃക്കുരട്ടി മഹാദേവക്ഷത്രത്തിലും കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലും വന്‍ സ്വീകരണം നല്‍കിയത്.

ഇത് ആദ്യമായല്ല സ്വീകരണം നല്‍കുന്നത്. ഏഴാമത്തെ വര്‍ഷമാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവസേവാ സമിതിയും ചേര്‍ന്ന് നബിദിന റാലിയെ വരവേറ്റത്. അതേസമയം കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തില്‍ ഇത് ആദ്യമായാണ് നബിദിന റാലിയെ സ്വീകരിക്കുന്നത്. റാലി നയിച്ച പള്ളി ഇമാമിനെയും ജമാഅത്ത് ഭാരവാഹികളെയും പൂച്ചെണ്ടും ഷാളും നല്‍കി സ്വീകരിച്ചു.

തൃക്കുരട്ടി മഹാദേവ ക്ഷേത്ര കവാടത്തിലാണ് ഈ മതസൗഹാര്‍ദ കാഴ്ച. പുത്തന്‍ പള്ളിയിലെ നമസ്‌കാരത്തിന് ശേഷമാണ് നബിദിനറാലി പുറപ്പെട്ടത്. മഴ പെയ്യുന്നുണ്ടായിരുന്നുവെങ്കിലും റാലിയെ തൃക്കുരട്ടി ക്ഷേത്രഭാരവാഹികള്‍ മഴ നനഞ്ഞുതന്നെ സ്വീകരിക്കുകയായിരുന്നു. പടിഞ്ഞാറെ ഗോപുരനടയിലായിരുന്നു സ്വീകരണം.

Exit mobile version