ബസ് മാറി കയറി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ 12 കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍, പിതാവിന്റെ പരാതിയില്‍ കേസ്

ബസ് മാറിയ കാര്യം കുട്ടികള്‍ അറിഞ്ഞത് പറവൂര്‍ ടൗണില്‍നിന്ന് ബസ് പുറപ്പെട്ടതിനുശേഷമാണ്.

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ നിന്ന് അബദ്ധത്തില്‍ ബസ് മാറി കയറിയ ഏഴാംക്ലാസുകാരനെ 12കിലോമീറ്റര്‍ അകലെ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇതിനു പുറമെ സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. ഓര്‍ഡിനറി ബസാണെന്നു കരുതി ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡ് സ്റ്റോപ് ബസിലാണ് കുട്ടി സഹപാഠിയുമൊത്ത് കയറിയത്.

എന്നാല്‍ ബസ് മാറിയ കാര്യം കുട്ടികള്‍ അറിഞ്ഞത് പറവൂര്‍ ടൗണില്‍നിന്ന് ബസ് പുറപ്പെട്ടതിനുശേഷമാണ്. വിവരം കണ്ടക്ടറോട് പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്‍പോട്ട് പോവുകയായിരുന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണ്‍വാങ്ങി കുട്ടികള്‍ വീട്ടിലേക്ക് വിളിച്ചു.

ഫോണിലൂടെ വീട്ടുകാര്‍ സംസാരിച്ചിട്ടും വഴങ്ങാതിരുന്ന കണ്ടക്ടര്‍ കുട്ടികള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍നിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ആലുവ പറവൂര്‍ കവലയിലാണ് ഇരുവരെയും ഇറക്കിവിട്ടത്. തിരികെ വരാന്‍ കുട്ടികളുടെ കൈവശം പണവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ കടയില്‍നിന്ന് കടം വാങ്ങിയ തുകയുമായാണ് ഇവര്‍ വീട്ടിലെത്തിയത്.

Exit mobile version