ശബരിമല വിഷയം; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി

എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഹര്‍ജിയില്‍ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല.

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആകാത്തതിനാല്‍ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

പ്രളയം മൂലം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ല.
ഒപ്പം ശബരിമല മാസ്റ്റര്‍പ്ലാന്‍ കേസിലെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും നിര്‍മാണങ്ങള്‍ വിലക്കണമെന്ന് ശുപാര്‍ശ ചെയ്തതും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഹര്‍ജിയില്‍ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പകരം, തുലാമാസ പൂജ സമയത്തും ചിത്തിര ആട്ട സമയത്തും ശബരിമലയില്‍ നടന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ദേവസ്വം കമ്മീഷ്ണറുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ ഹര്‍ജിക്കൊപ്പം പരാമര്‍ശിച്ചിട്ടുണ്ട്.

എത്ര സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടുത്ത തീര്‍ത്ഥാടന കാലം വരെ സാവകാശം ലഭിക്കുമെന്നാണ് ബോര്‍ഡ് വിശ്വസിക്കുന്നത്. ഫയല്‍ ചെയ്ത ഹര്‍ജി നാളെ തന്നെ ചീഫ്ജസ്റ്റിന്റെ അടുത്ത് മെന്‍ഷന്‍ ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വ്യക്തമാക്കി.

Exit mobile version