കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്

സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രണ്ട് വിരലുകള്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്: റവന്യു ജില്ല സ്‌കൂള്‍ കായികമേളയ്ക്കിടെ ഹാമറിന്റെ കമ്പി പൊട്ടി അപകടം. അപകടത്തില്‍ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് പരിക്ക് പറ്റി.

അപകടത്തില്‍ ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രണ്ട് വിരലുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

പാലായില്‍ നടന്ന കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.

അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞിരുന്നെങ്കിലും അപകടം തുടര്‍ക്കഥയാവുകയാണ്.

Exit mobile version