നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ശബരിമലയില്‍ നവീകരണ പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായില്ല

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പമ്പയിലും നിലയ്ക്കലിലും ഉള്ള നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായില്ല. പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായത്.

പതിനായിര കണക്കിന് ഭക്ത ജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ ഇനിയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. അതേസമയം ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. പമ്പയിലും നിലയ്ക്കലിലുമെല്ലാം പ്രളയം വരുത്തി വെച്ച ദുരന്തം ചെറുതല്ല. ഒരാഴ്ചക്കുള്ളില്‍ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാകുമോ എന്നതും സംശയകരമാണ്.

താത്കാലിക നടപന്തലിന്റെ പണി ആരംഭിച്ചതേയുള്ളൂ. ശൗചാലയ നിര്‍മ്മാണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പ്രളയകാലത്ത് ബലിതര്‍പ്പണസ്ഥലത്ത് അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടല്ല. ആകെ നടന്നത് സ്നാനഘട്ടത്തിലെ നവീകരണം മാത്രം.

കഴിഞ്ഞ തവണത്തെക്കാള്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളും തകര്‍ന്ന നിലയിലാണ്. ഒരു ഭാഗത്ത് കുടിവെള്ളം എത്തിക്കാനുള്ള പണികളും നടക്കുന്നുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അപ്പോഴേക്കും പണിയെല്ലാം പൂര്‍ത്തിയാവുമോ എന്നത് സംശയകരമാണ്.

Exit mobile version