2019 ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്; അപേക്ഷ ക്ഷണിക്കുന്നു

2018 ആഗസ്റ്റ് 16 മുതല്‍ 2019 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക.

തിരുവനന്തപുരം: 2019 ബിആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.

2018 ആഗസ്റ്റ് 16 മുതല്‍ 2019 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ ഫീച്ചര്‍/ പരമ്പര എന്നിവയുടെ 5 പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം ഉള്‍പ്പടെയുള്ളവ ലഭ്യമാക്കണം. ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിവിഡി ഫോര്‍മാറ്റിലുള്ള എന്‍ട്രി (5 കോപ്പികള്‍), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ എന്നിവയും സമര്‍പ്പിക്കണം. ശ്രാവ്യ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തെ സംബ ന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കുന്നതാണ്.

എന്‍ട്രികള്‍ സിഡിയിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ലഭ്യമാക്കേണ്ടതാണ്. 11/11/2019ആണ് എന്‍ട്രികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. എന്‍ട്രികള്‍ ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളിഭവന്‍, കനകനഗര്‍, വെള്ളയ മ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയച്ച് കൊടുക്കണം.

Exit mobile version