വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി എത്തിയത് കനിവ് 108 ആംബുലന്‍സ്

ആറ്റിങ്ങല്‍ പുത്തന്‍കുളം കല്ലറതോട്ടം കൊച്ചുവീട്ടില്‍ സന്തോഷിന്റെ ഭാര്യ ലിജി(27)യാണ് വീട്ടില്‍വെച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.

തിരുവനന്തപുരം: വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി എത്തിയത് ‘കനിവ്’ ആംബുലന്‍സ്. ആറ്റിങ്ങല്‍ പുത്തന്‍കുളം കല്ലറതോട്ടം കൊച്ചുവീട്ടില്‍ സന്തോഷിന്റെ ഭാര്യ ലിജി(27)യാണ് വീട്ടില്‍വെച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 12.15ഓടെയാണ് സംഭവം.

ഉടന്‍ തന്നെ വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ‘കനിവ്’ 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രകാശ്, പൈലറ്റ് ശ്രീനാഥ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി.

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെടുത്തിയ ശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രകാശ് പ്രഥമ ശുസ്രൂശ നല്‍കി. തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റിയ ഇരുവരെയും ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസം പതിനൊന്നാണ് ലിജിക്ക് ഡോക്ടര്‍മാര്‍ പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലിജിയെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ നില വഷളായി. പിന്നീട് വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് തന്നെ ലിജി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

Exit mobile version