100ലും ‘ഷാര്‍പ്പ്’! മരിക്കും വരെ കണ്ണട പോലും ഉപയോഗിച്ചിട്ടില്ല; രണ്ട് പേര്‍ക്ക് കാഴ്ചയുടെ വെളിച്ചമേകി 105ല്‍ കൊച്ചുമറിയം യാത്രയായി

ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മാമ്മയുടെ ആഗ്രഹമായിരുന്നു കണ്ണ് ദാനം ചെയ്യുക എന്നത്.

വൈന്തല: പ്രായമേറും മുന്‍പേ കാഴ്ച മങ്ങുന്നവര്‍ അനവധിയാണ്. 20 വയസ് കഴിയുമ്പോഴേയ്ക്കും കണ്ണട വെയ്‌ക്കേണ്ട സാഹചര്യം നിരവധി പേര്‍ക്കാണ് വന്നിരിക്കുന്നത്. ചെറുപ്പം മുതലേ കണ്ണട വെയ്‌ക്കേണ്ടി വരുന്നവരും ഉണ്ട്. എന്നാല്‍ ഈ തലമുറയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി. 105-ാം വയസില്‍ ലോകത്തോട് വിടപറഞ്ഞ മുത്തശ്ശി രണ്ട് പേര്‍ക്ക് കാഴ്ചയുടെ പുതുവെളിച്ചമേകിയാണ് യാത്രയായത്.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മാമ്മയുടെ ആഗ്രഹമായിരുന്നു കണ്ണ് ദാനം ചെയ്യുക എന്നത്. പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഈ ആഗ്രഹമാണ് ഇപ്പോള്‍ വീട്ടുകാര്‍ സഫലമാക്കിയത്. ശനിയാഴ്ച അന്തരിച്ച 105-കാരിയായ തെക്കനിയത്ത് കൊച്ചുമറിയത്തിന്റെ കണ്ണുകളാണ് ആഗ്രഹസഫലീകരണത്തിനായി വീട്ടുകാര്‍ ദാനം ചെയ്തത്.

പരേതനായ തോമന്റെ ഭാര്യയാണ് കൊച്ചുമറിയം. വൈദികന്‍ കൂടിയായ കൊച്ചുമകന്‍ ഫാ. ഡിന്റോയോട് അമ്മാമ്മ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മരിക്കുന്നതുവരെ കൊച്ചുമറിയം കണ്ണടപോലും ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. വയസ് 100 കഴിഞ്ഞിട്ടും കണ്ണിന്റെ ആ കാഴ്ച ശക്തി ഏവരെയും അമ്പരപ്പിച്ചതുമാണ്. കണ്ണുകള്‍ അങ്കമാലി എല്‍എഫ് അശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വറീത്, കൊച്ചാപ്പു, എല്‍സി, പൗലോസ്, ഡേവിസ് എന്നിവരാണ് കൊച്ചുമറിയത്തിന്റെ മക്കള്‍. റോസി, റോസി, റപ്പായി, മേരി എന്നിവര്‍ മരുമക്കളും.

Exit mobile version