യുഎപിഎ ഇടതു നയമല്ലെന്ന് പറയുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമില്ല; പാര്‍ട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം; യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കുന്നതിനെതിരെ വി മുരളീധരന്‍

രണ്ടുദിവസത്തെ സമയമാണ് യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനായി കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്

കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയത്, പുനഃപരിശോധിക്കുന്നതിനെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പാര്‍ട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

യുഎപിഎ ഇടതുസര്‍ക്കാര്‍ നയമല്ല എന്നുപറയുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പ്രോസിക്യൂഷന്‍ പുനഃപരിശോധിക്കാനുള്ള നീക്കത്തിനോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രണ്ടുദിവസത്തെ സമയമാണ് യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനായി കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

അതെസമയം പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിയോജിച്ചു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും, കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിയിലായ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version