ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്റ്റാകില്ല; വ്യക്തമായ തെളിവ് വേണം; യുഎപിഎ സമിതി അധ്യക്ഷന്‍

പോലീസ് യുഎപിഎ ചുമത്തിയ മിക്ക കേസിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല.

കൊച്ചി: കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തെളിവ് ഉണ്ടങ്കില്‍ മാത്രമേ പ്രോസിക്യൂഷന്‍ അനുമതി നല്‍കൂവെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍. ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്റ്റാകില്ലെന്നും പിഎസ് ഗോപിനാഥന്‍ പറഞ്ഞു.

നിരോധിത സംഘടനയില്‍ അംഗമായിരുന്നെന്ന് പോലീസ് തെളിയിക്കണം. മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണം. എങ്കിലേ പ്രോസിക്യൂഷന്‍ അനുമതി നല്‍കൂവെന്നും പിഎസ് ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

പോലീസ് യുഎപിഎ ചുമത്തിയ മിക്ക കേസിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല. പകുതിയില്‍ അധികം കേസുകള്‍ തള്ളിയതും തെളിവ് ഇല്ലാത്തതിനാലാണ്. തെളിവില്ലാത്തതിനാലാണ് യുഎപിഎ സമിതി പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുന്നതെന്നും പിഎസ് ഗോപിനാഥ് പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരുടേയും നീക്കങ്ങള്‍ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.

Exit mobile version