ബിജെപി സംസ്ഥാന അധ്യക്ഷ പദവി; കെ സുരേന്ദ്രന്‍ പിന്നിലേയ്ക്ക്, ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ സുരേഷ് ഗോപി, പ്രഖ്യാപനം കാത്ത് നേതൃത്വം

ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെയാണ് നേതൃസ്ഥാനത്തേയ്ക്ക് താരം എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കെ സുരേന്ദ്രനെയും തള്ളി ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ നില്‍ക്കുന്നത് നടനും എംപിയുമായ സുരേഷ് ഗോപിയാണ്.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെയാണ് നേതൃസ്ഥാനത്തേയ്ക്ക് താരം എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍, താത്പര്യമില്ലെന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം. ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താത്പര്യമില്ലെന്നറിയിച്ച് പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരില്‍ മത്സരിക്കേണ്ടിവന്നു. ഇതോടെ സുരേഷ് ഗോപി തന്നെ വരുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ പ്രഖ്യാപനം വരാത്തതില്‍ നേതൃത്വങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും ഉയരുന്നുണ്ട്.

പിഎസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി പോയതോടെയാണ് അധ്യക്ഷസ്ഥാനത്തില്‍ ഒഴിവു വന്നത്. ഇതോടെ നേതൃസ്ഥാനത്തേയ്ക്ക് ആര് എന്ന ചര്‍ച്ചകളും സജീവമായി. സുരേഷ് ഗോപിക്കു പുറമേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപ്പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആര്‍എസ്എസിന്റെ താല്‍പര്യംകൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ.

Exit mobile version