ഉപേക്ഷിക്കാന്‍ പല തവണ ആവര്‍ത്തിച്ചു; ചക്രക്കസേരയില്‍ ഇരുന്നിട്ടും ദീപുവിനെ കൈവിടാതെ ചേര്‍ത്തുപിടിച്ച് അര്‍ച്ചന, ഒടുവില്‍ മിന്നുകെട്ട്, ഈറനണിയിച്ച് ഈ പ്രണയം

വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്.

തിരുവനന്തപുരം: പ്രണയത്തിന്റെ തീവ്രത ഇന്ന് തീരാപകയില്‍ ചെന്ന് എത്തുന്ന കാഴ്ചയാണ് കാണുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച് ഒടുവില്‍ വിവാഹം നിരസിക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചും കുത്തികൊലപ്പെടുത്തിയും പക തീര്‍ക്കുന്ന പല കാഴ്ചകളും നാം പല ആവര്‍ത്തി കണ്ടതുമാണ്. എന്നാല്‍ ഇന്ന് ഏവര്‍ക്കും മാതൃകയാവുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമായ ഒരു പ്രണയസാഫല്യമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഇവിടെ പ്രണയിക്കുന്നവര്‍ക്ക് മാതൃകയാവുന്നത് നേമം ഇടയ്‌ക്കോട് താന്നിക്കവിള ദിവ്യഭവനത്തില്‍ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകന്‍ ദീപുവും മാരായമുട്ടം സ്വദേശിനി അര്‍ച്ചനയുമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. ഇതില്‍ എന്ത് മാതൃക എന്ന ചോദ്യം ചോദിക്കാന്‍ വരട്ടെ. ദീപുവിന്റെ ജീവിതം ഇന്ന് ചക്രക്കസേരയില്‍ ആണ്. പല തവണ ഉപേക്ഷിച്ചു പോകുവാന്‍ അര്‍ച്ചനയെ ദീപു നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ് ദീപുവിന് താങ്ങും തണലുമായിരിക്കുകയാണ് അര്‍ച്ചന.

ബുധനാഴ്ച രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തില്‍ വെച്ച് ചക്രക്കസേരയിലിരുന്ന് ദീപു അര്‍ച്ചനയുടെ കഴുത്തില്‍ മിന്നുകെട്ടി. ഒരു വിധിക്കും തങ്ങളുടെ പ്രണയത്തെ തോല്‍പ്പിക്കാനാകില്ലെന്ന സന്ദേശം പങ്കുവെച്ചാണ് ഇരുവരും പുതിയ ജീവിതത്തിലേയ്ക്ക് കടന്നത്. നാലുവര്‍ഷം മുമ്പാണ് ദീപുവിന് അപകടത്തില്‍ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്.

2010ല്‍ കാഞ്ഞിരംകുളം കെഎന്‍എം കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. പഠനം കഴിഞ്ഞ് ദീപുവിന് കണ്‍സ്യൂമര്‍ഫെഡില്‍ ജോലി കിട്ടി. ഇതിനിടയിലാണ് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്.

ശേഷം ദീപുവിന്റെ ജീവിതം ആശുപത്രിയിലും തുടര്‍ന്ന് ചക്രക്കസേരയിലുമായി. ദീപുവിന്റെ അവസ്ഥ ഇങ്ങനെയായതിനാല്‍ പഠനം പൂര്‍ത്തിയാക്കി ജോലി നേടുകയെന്ന ലക്ഷ്യത്തോടെ അര്‍ച്ചന പിഎസ്‌സി പരീക്ഷകളെഴുതി ഒടുവില്‍ പോലീസില്‍ ജോലി നേടുകയും ചെയ്തു. ദൃഢനിശ്ചയത്തോടെ മുന്‍പോട്ടു പോയ അര്‍ച്ചനയുടെ ഇഷ്ടത്തിനുമുന്നില്‍ ഒടുവില്‍ ബന്ധുക്കള്‍ക്ക് വഴങ്ങേണ്ടി വന്നു.

അപകടത്തെത്തുടര്‍ന്ന് ദീപു പലവട്ടം അര്‍ച്ചനയോട് ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അര്‍ച്ചന അത് കൂട്ടാക്കാതെ കൈപിടിച്ച് കൂടെ നില്‍ക്കുകയായിരുന്നു. ഓരോ തവണ ദീപു ഇതേ ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ വിവാഹശേഷമാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ എന്ന മറുചോദ്യം അര്‍ച്ചനയും ഉന്നയിച്ചു. ഇതോടെ അര്‍ച്ചനയുടെ കഴുത്തില്‍ ദീപു മിന്നു ചാര്‍ത്തുകയായിരുന്നു. ഇരുവരുടെയും വിവാഹത്തിന് പഴയ സഹപാഠികളും ബന്ധുക്കളും ഒത്തുചേര്‍ന്നു. ഒരു വര്‍ഷം മുമ്പ് ജോലി ലഭിച്ച അര്‍ച്ചന ഇപ്പോള്‍ മേനംകുളം വനിതാ പോലീസ് ക്യാംപിലാണ് ജോലി ചെയ്യുന്നത്.

Exit mobile version